തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് സിപിഐയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങൾ വച്ചു മാറിയാൽ രണ്ടിടത്തും ഇടതുപക്ഷം വിജയിക്കുമെന്ന അഭിപ്രായവുമായി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. മുതിര്‍ന്ന ഇടതുനേതാക്കള്‍ അതിനുള്ള രാഷ്ട്രീയ പക്വത കാട്ടണമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ സി. ദിവാകരൻ പറയുന്നു.
തിരുവനന്തപുരത്ത് സിപിഎം അനുകൂല തൊഴിലാളി-യുവജന, സര്‍വീസ് സംഘടനകളുടെ ശക്തമായ സാന്നിധ്യമുണ്ട്. എൻജിഒ യൂണിയനായാലും കേന്ദ്ര സർക്കാർ ജീവനക്കാരായാലും അവരെയെല്ലാം സ്വാധീനിക്കുന്ന രാഷ്ട്രീയം സിപിഎമ്മിന്റെ രാഷ്ട്രമാണെന്നും സി. ദിവാകരൻ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കൂടുതല്‍ ഇടത് എംപിമാരുണ്ടാകേണ്ടത് അനിവാര്യമാണ്.
അതിന് മണ്ഡലംവച്ചുമാറല്പോലെയുള്ള വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും സി.ദിവാകരൻ പറയുന്നു. നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്. സീറ്റുകള്‍ പരസ്പരം വച്ചുമാറിയാല്‍ രണ്ട് സ്ഥലത്തും വിജയസാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകൾ ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്നു. 2009 മുതല്‍ കോണ്‍ഗ്രസിന്റെ ശശി തരൂർ ആണ് തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് സിപിഐ മൂന്നാംസ്ഥാനത്തായിരുന്നുവെന്നത് സിപിഐ പ്രാധാന്യത്തോടെ കാണുന്നുണ്ട്.
2005 ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന് ആണ് തിരുവനന്തപുരത്ത് നിന്നുള്ള സിപിഐയുടെ അവസാന എംപി. പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ആണ് പന്ന്യന്‍ രവീന്ദ്രൻ വിജയിച്ചത്. അതേസമയം 2009ലെ തെരഞ്ഞെടുപ്പിൽ പി. രാമചന്ദ്രൻ നായർക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശശി തരൂർ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ സിപിഎമ്മിലെ ശക്തനായ ഏതെങ്കിലും നേതാവ് സ്ഥാനാര്‍ഥിയായാല്‍ ശക്തമായ മത്സരം തന്നെയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് ബിനോയ് വിശ്വം സ്ഥാനാർഥിയാകാനുള്ള സാധ്യതകൾ ഉണ്ടായിരുന്നുവെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായതോടെ മത്സരിക്കാനുള്ള സാധ്യത മങ്ങി. പാർട്ടി സെക്രട്ടറിമാർ മത്സരിക്കുന്ന പതിവില്ല. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് ആനിരാജയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
ദിവാകരന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കും: കെ.ഇ. ഇസ്മായിൽ
അതേസമയം തിരുവനന്തപുരം, കൊല്ലം ലോക്സഭ സീറ്റുകൾ വച്ച് മാറുന്നത് സംബന്ധിച്ച് സി. ദിവാകരൻ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് തെറ്റാണെന്ന് സിപിഐ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ രാഷ്ട്രദീപികയോട് പറഞ്ഞു. ദിവാകരന്റെ അഭിപ്രായം തികച്ചും വ്യക്തിപരം മാത്രമായെ കാണാൻ സാധിക്കുകയുള്ളു. ഇതിനോട് യോജിക്കുന്നില്ല. ഇരു പാർട്ടികളിലും ആശയക്കുഴപ്പമുണ്ടാക്കാനേ ദിവാകരന്റെ പ്രസ്താവന ഉപകരിക്കുകയുള്ളു.
സീറ്റ് വച്ച് മാറുന്നത് സംബന്ധിച്ച് ഇരുപാർട്ടികളുടെയും സംസ്ഥാന കമ്മിറ്റികളാണ് അന്തിമ തീരുമാനം എടുക്കുന്നത്. ഇത് ഉഭയകക്ഷി ചർച്ചകളിലൂടെയാണ് തീരുമാനിക്കുന്നത്. സിപിഐയുടെ ഭാഗമായും എൽഡിഎഫിന്റെ ചട്ടക്കൂടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളാണ് ദിവാകരൻ.
അങ്ങനെയുള്ള ദിവാകരന്റെ ഭാഗത്ത് നിന്നും പരസ്യ പ്രതികരണം ഉണ്ടായത് ശരിയല്ലെന്നും കെ.ഇ. ഇസ്മായിൽ പറഞ്ഞു. സിപിഐയുടെ കമ്മിറ്റികളിലും പാർട്ടി വേദികളിലുമാണ് അഭിപ്രായം പറയേണ്ടത്. ദിവാകരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. തെരഞ്ഞെടുപ്പ് കാര്യങ്ങൾ സിപിഐ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.