തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗങ്ങൾ ചേരാൻ കോൺഗ്രസ്. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക.
പ്രവര്‍ത്തകസമിതി യോഗ തീരുമാനപ്രകാരമാണ് നാളെയും മറ്റന്നാളുമായി നേതൃയോഗം ചേരുന്നത്. നീണ്ട ഇടവേളക്കുശേഷമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്.
പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് യോഗങ്ങൾ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ജനുവരിയില്‍ 20 ദിവസം നീണ്ടു നില്ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്. പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാകും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ മുന്നോട്ടുവെക്കുക.
കെപിസിസി സംയുക്ത യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കൂടാതെ മണ്ഡലം പുനസംഘടനയിലെ പരാതികളും പരിശോധിക്കും.
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ, എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവർ യോഗങ്ങളില്‍ പങ്കെടുക്കും.