മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വഴികളിൽ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളും പൗരത്വഭേദഗതി ബില്ലുമാണ് മുഖ്യചർച്ചാ വിഷയം.
ബിജെപിയെ പ്രതിരോധിക്കുന്നതിൽ മുസ്ലിം ലീഗും യൂഡിഎഫും പരാജയപ്പെട്ടെന്നാണ് ഇടതുപക്ഷം മുഖ്യമായി ആരോപിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കുഞ്ഞാലിക്കുട്ടിയുടെ രാജി സജീവ ചർച്ചയാക്കുന്നുണ്ട്.
മുസ്ലിം ലീഗ് സ്ഥാനാർഥിയും മുൻ എംപിയുമായ എം.പി അബ്ദുസമദ് സമദാനിയും സിപിഎമ്മിന്റെ യുവനേതാവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയുമായ വി.പി സാനുവും തമ്മിലാണ് പ്രധാന മൽസരം.
ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും സജീവമായി പ്രചാരണ രംഗത്തുണ്ട്. ഡോ.തസ്ലിം റഹ്മാനി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), യൂനുസ് സലിം(സ്വതന്ത്രൻ),സയ്യിദ് സാദിഖലി തങ്ങൾ (സ്വതന്ത്രൻ) എന്നിങ്ങനെ ആറു സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പഴയ മഞ്ചേരി ലോക്സഭാ മണ്ഡലം വിഭജിച്ച് നിലവിൽ വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 2009 ലാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിനായിരുന്നു വിജയം. 2014 ലും ഇ.അഹമ്മദ് വിജയം ആവർത്തിച്ചു.
അദ്ദേഹം മരിച്ചതിനെത്തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ച് വിജയിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്ന് വിജയിച്ചു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം ലോക്സഭാംഗത്വം രാജിവച്ചതാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ രാജിയെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചിരുന്നു.
മണ്ഡലങ്ങളിൽ ശക്തർ യുഡിഎഫ്
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലുള്ളത്. ഈ ഏഴു മണ്ഡലങ്ങളിലും യുഡിഎഫിനു വ്യക്തമായ പിൻബലമാണുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിലും എല്ലായിടത്തും യുഡിഎഫ് ലീഡ് നേടുകയും ചെയ്തിരുന്നു.
ആശങ്കകളില്ല; ആത്മവിശ്വാസം മാത്രം
കുഞ്ഞാലിക്കുട്ടിയുടെ രാജിയുടെ പേരിൽ യുഡിഎഫിനു വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും മുന്നണിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ളതിനാൽ ആശങ്കകളില്ല.നേരത്തെ രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ പരിചയമുള്ള അബ്ദുസമദ് സമദാനിയാണ് സ്ഥാനാർഥിയെന്നുള്ളത് യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
രണ്ടു തവണ രാജ്യസഭാംഗമായിട്ടുള്ള അദ്ദേഹം കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇടതുസ്ഥാനാർഥി വി.പി.സാനുവിന് ആത്മവിശ്വാസം നൽകുന്നത്. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും സംഘടനാപരമായും വ്യക്തിപരമായും ബന്ധങ്ങളുള്ള യുവനേതാവാണ് സാനു.
നേരത്തെ സിപിഎമ്മിലും പിന്നീട് കോണ്ഗ്രസിലും പ്രവർത്തിച്ചിട്ടുള്ള എ.പി. അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർഥിയായി മലപ്പുറത്തെത്തുന്പോൾ ബിജെപിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയില്ലെന്നാണ് സൂചനകൾ. മണ്ഡലത്തിൽ യുഡിഎഫിനുള്ള വന്പൻ ഭൂരിപക്ഷത്തെ മറികടക്കുകയെന്നത് എതിരാളികൾക്ക് എളുപ്പമുള്ള കാര്യമാകില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഘടന ലോക്സഭാ മണ്ഡലത്തിലും ചെറിയ രീതിയിലെങ്കിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.