കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അങ്കത്തട്ടില്‍ കച്ചമുറുക്കി മുന്നണികളും പാര്‍ട്ടികളും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ശക്തമാക്കിയാണ് യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നത്. ഭരണമുന്നിയാകട്ടെ നിയോജക മണ്ഡലം റാലികളോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈയാഴ്ച തുടക്കമിടും.
ബിജെപി മുന്നണിയാകട്ടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയുക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു.
ഇതിനിടയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നു നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നത് ബിജെപിക്കു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി.
കഴിഞ്ഞ തവണ ജില്ലയുടെ ഭാഗമായ മൂന്നു ലോക്സഭ മണ്ഡലങ്ങളും യുഡിഎഫിനായിരുന്നു. കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതോടെ കോട്ടയം ലോക്സഭ മണ്ഡലം ഇടതുപക്ഷത്തായി.
ഇത്തവണ കോട്ടയം പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. കോണ്‍ഗ്രസ് സീറ്റില്‍ നോട്ടമിട്ടിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളുടെസീറ്റ് തങ്ങള്‍ക്കു തന്നെയാണെന്ന അവകാശവാദം ഉന്നയിട്ടിച്ചുണ്ട്.
മുന്‍ ലോക്സഭാംഗം കൂടിയായ നേതാവ് സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പത്തനംതിട്ടയിലും മാവേലിക്കരയിലും സിറ്റിംഗ് എംപിമാര്‍ സജീവമായി രംഗത്തുണ്ട്.
യുഡിഎഫിന് നേതൃയോഗങ്ങളും സമരപരിപാടികളും ബഹുജന റാലിയുമായി എല്‍ഡിഎഫ് ചുവരെഴുതി ബിജെപി
കോട്ടയം: യുഡിഎഫ് താഴെ തട്ടു മുതല്‍ നേതൃയോഗങ്ങള്‍ ചേര്‍ന്നാണു മുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്കു കടക്കാനാണ് ശ്രമിക്കുന്നത്.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി തന്നെ സ്ഥാനാര്ഥിയാകുമെന്നുറപ്പായിരിക്കുകയാണ്. പത്തനംതിട്ടയില്‍ ഇത്തവണ സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മാവേലിക്കര സംവരണ മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഐയും രംഗത്തുണ്ട്.
സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ വന്‍ റാലികളാണ് ഇടതുമുന്നണി സംഘടിപ്പിക്കാന്‍ പോകുന്നത്. ബിജെപിയാകട്ടെ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പരമാവധി എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. റബറിനു താങ്ങുവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കോട്ടയത്ത് എത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്.
ഇതു കൂടാതെ ബഹുജനങ്ങളെ അണിനിരത്തി ശക്തികാട്ടാന്‍ ജില്ലാ റാലിയും നടത്താനൊരുങ്ങുകയാണ്. ക്രൈസ്തവ മേഖലകളില്‍ പരമാവധി സ്വാധീനമുണ്ടാക്കുനുള്ള ശ്രമവും ബിജെപി ആരംഭിച്ചു.
വോട്ടോഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. സിപിഎം ആകട്ടെ പാര്‍ലമെന്റെ് മണ്ഡലം കേന്ദ്രീകരിച്ച് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കോട്ടയം മണ്ഡലത്തിന്റെ സെക്രട്ടറി കെ. അനില്‍കുമാറും പത്തനംതിട്ടയില്‍ രാജു ഏബ്രഹാമും, മാവേലിക്കരയില്‍ കെ. സോമപ്രസാദുമാണ്. സിപിഐയും പാര്‍ലമെന്റ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ തലത്തില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയും നേതാക്കള്ക്കുചുമതലയും നൽയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എം പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു പറഞ്ഞു.
യുഡിഎഫില്‍ ബൂത്തു തലം വരെ കോണ്‍ഗ്രസില്‍ കമ്മറ്റിയായി. റോയി കെ. പൗലോസ് (കോട്ടയം), കെ.സി. ജോസഫ് (മാവേലിക്കര), എ.എ. ഷുക്കൂര്‍ (പത്തനംതിട്ട) എന്നിവര്‍ക്കാണ് കെപിസിസി ചുമതല നൽയിരിക്കുന്നത്. കഴിഞ്ഞതവണത്തേതു പോലെ ജില്ലയിലെ മുന്നു മണ്ഡലങ്ങളും യുഡിഎഫിനു നിലനിർത്തനാകുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
ജില്ലയിലെ മുന്നു മണ്ഡലങ്ങളിലും ശക്തമായ സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് തിരുനക്കര പാലസ് റോഡില്‍ ഇത്തവണയും ബിജെപി ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്ന ചുവരെഴുത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന സമിതിയംഗം ടി.പി. സിന്ധുമോള്‍ക്കാണ് കോട്ടയത്തിന്റെ പ്രചാരണ ചുമതല. താഴെതട്ടു മുതല്‍ പ്രവര്‍ത്തനം ശക്തമാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.