നവാസ് മേത്തർ
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങുമ്പോൾ നേതാക്കളെ ജനഹൃദയങ്ങളിലെത്തിക്കാൻ നൂതന സാങ്കേതിക വിദ്യകളുമായി അന്താരാഷട്ര ഇവന്റ് മാനേജ്മെന്റ് കമ്പനികൾ കേരളത്തിലേക്ക്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സാധ്യതയുളളവരേയും ഒപ്പം പ്രചാരണ പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് വിദേശങ്ങൾ രാജ്യങ്ങളിൽ വരെ വേരുകളുള്ള ഹൈടെക് ഇവന്റ് മാനേജ്മെന്റ് ഏജൻസികൾ കേരളത്തിൽ എത്തിയത്.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും മൂന്നാറിലേയും പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി പ്രതിനിധികൾ ഇതിനകം നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു ചർച്ചയാരംഭിച്ചു കഴിഞ്ഞു.
പ്രമുഖ ചാനലുകളിൽനിന്നും പല കാരണങ്ങളാൽ വിട പറഞ്ഞ പ്രമുഖരായ ചില മാധ്യമ പ്രവർത്തകരും ഈ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നുണ്ട്.
കവല പ്രസംഗങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നതിന് പരിമിതിയുണ്ടെന്ന് നേതാക്കളെ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്ന ഏജൻസി പ്രതിനിധികൾ ഹൈടെക് പ്രചാരണ തന്ത്രങ്ങൾ ഡമോൺസ്ട്രേഷനിലൂടെയാണ് നേതാക്കളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് മുന്നിലെത്താനും ജനങ്ങളുടെ മനസിലും പാർട്ടി നേതൃത്വങ്ങളുടെ മനസിലും ഇടം നേടാനും അതിലൂടെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ സ്ഥാനം പിടിക്കാനും ഏജൻസികൾ നേതാക്കളെ പ്രാപ്തരാക്കും.
ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളാൻ സാധ്യതയുള്ള നേതാക്കളെ ഏജൻസികൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.നേതാക്കളിൽ പലരുടേയും നടത്തവും ഇരുത്തവും വസ്ത്രധാരണവും ചിരിയും ഗൗരവവും പുറത്തേക്ക് വരുന്ന വാക്കുകളും എല്ലാം ഇനി ഇവന്റ് മാനേജ്മെന്റുകളുടെ ശിക്ഷണത്തിലാകും.
മാധ്യമ ശ്രദ്ധ നേടുന്ന വാർത്തകളും നേതാക്കൾക്ക് വേണ്ടി ഈ ഏജൻസികൾ സൃഷ്ടിക്കും. ഇതിന്റെ ആദ്യ പടി ഒരു പ്രധാന നേതാവിലൂടെ കേരളത്തിൽ പയറ്റി കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഒരു മത സംഘടനയുടെ ആസ്ഥാനത്ത് ഈ നേതാവ് നടത്തിയ സന്ദർശനം സംബന്ധിച്ച വാർത്തകൾ ദിവസങ്ങളോളമാണ് കേരളത്തിൽ അലയടിച്ചത്.
നേതാക്കളാകുന്നവരെ കൂടെനിർത്താൻ ബിസിനസ് തന്ത്രവും
സ്ഥാനാർഥി പട്ടികയിൽ കയറാൻ സാധ്യത ഉള്ള നേതാക്കളെ സ്പോൺസർ ചെയ്യാൻ അതീവ രഹസ്യമായി സമ്പന്നരെ വരെ ഈ ഏജൻസികൾ കണ്ടെത്തുന്നു എന്ന ഗൗരവമായ അവസ്ഥയും സംജാതമായിട്ടുണ്ട്.
ഓരോ മേഖലയിലെയും അതിസമ്പന്നരെ കണ്ടെത്തി തങ്ങൾ വളർത്തി എടുക്കേണ്ട നേതാക്കളെക്കുറിച്ചു സമ്പന്ന വിഭാഗങ്ങൾക്ക് ക്ലാസും നൽകുന്നുണ്ട്.
തങ്ങളുടെ ശിക്ഷണത്തിൽ നേതാക്കളായി മാറുന്നവരെ ആർക്കും വിട്ടു കൊടുക്കാതെ തങ്ങൾക്കൊപ്പം നിർത്താൻ ബിസിനസ് വന്പൻമാർക്കുള്ള പുതിയ ബിസിനസ് തന്ത്രങ്ങളും കന്പനി ഭാവി നേതാക്കളെ സ്പോൺസർ ചെയ്യുന്നവർക്ക് നൽകുന്നുണ്ട്.
ഇതിലൊന്ന് തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങളിൽ ഏതിലെങ്കിലും നേതാക്കൾക്കോ ബന്ധുക്കൾക്കോ ഒരു ശതമാനമോ രണ്ടു ശതമാനമോ പങ്കാളിത്തം നൽകി മുഴുവൻ കാലവും കൂടെ നിർത്തുക എന്ന ബിസിനസ് ഉപദേശമാണ്. ഇത്തരത്തിലുള്ള ബിസിനസ് ബോധവത്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.
ഇത്തരം ഏജൻസികളുടെ ഉപദേശത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു വലിയ മെഡിക്കൽ ഗ്രൂപ്പ് ഒരു ഡസൻ ഐ ഫോണുകൾ സംസ്ഥാന യുവ നേതാക്കൾക്ക് വിതരണം ചെയ്ത വിവരവും ഇതിനകം പുറത്തു വന്നിട്ടുണ്ട്.