എം.സുരേഷ്ബാബു
തിരുവനന്തപുരം: ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ താൽപര്യമില്ലെന്ന് സൂചന നൽകി ശശി തരൂരിനു പിന്നാലെ ടി.എൻ.പ്രതാപനും രംഗത്തെത്തിയതോടെ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
ഇനി മുതൽ നിയമസഭയിലേക്ക് മാത്രമെ മത്സരിക്കുകയുള്ളുവെന്ന് ലോക്സഭാ എംപി മാരായിരിക്കുന്നവർ നിലപാട് സ്വീകരിക്കുന്നത് പാർട്ടി അണികളിൽ തെറ്റായ സന്ദേശം നൽകുമെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിൽ കോണ്‍ഗ്രസിന് ഇനി അധികാരം കിട്ടില്ലെന്ന തെറ്റായ സന്ദേശം പകരാൻ മാത്രമാണ് ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തുന്ന നേതാക്കളുടെ നിലപാടുകൾ സഹായിക്കുക.
ലോക്സഭയിലും നിയമസഭയിലും ആരൊക്കെ മത്സരിക്കണമെന്നും ആരൊക്കെ മാറി നിൽക്കണമെന്നും തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം അനാവശ്യമാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
താൻ നിയമസഭയിലേക്കില്ലെന്നും ഡൽഹി കേന്ദ്രീകരിച്ച് ലോക്സഭയിൽ തുടരാനാണ് താൽപ്പര്യമെന്നും മുരളീധരൻ വ്യക്തമാക്കി. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും തെറ്റായ നയങ്ങൾക്കെതിരെയാണ് ഈ അവസരത്തിൽ കോണ്‍ഗ്രസ് നേതാക്കളും പാർട്ടി പ്രവർത്തകരും പോരാടേണ്ടത്.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാൻ കഷ്ടപ്പെടുന്ന പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്ന പ്രതികരണങ്ങളിൽ നിന്നും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിൽ നിന്നും നേതാക്കൾ പിൻമാറണമെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇതുവരെ യാതൊരുവിധത്തിലുള്ള ചർച്ചകളും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് സമയമാകുന്പോൾ യോഗ്യരായ സ്ഥാനാർഥിികളെ ഹൈക്കമാൻഡ് തീരുമാനിക്കും.
നിലവിൽ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകുന്നത് തെറ്റായ നിലപാടും പ്രവണതയുമാണെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പരസ്യപ്രസ്താവനകൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായതെന്ന് ടി.എൻ. പ്രതാപൻ
ശശി തരൂരിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന സൂചന നൽകി കോൺഗ്രസ് എംപി ടി.എന്‍.പ്രതാപനും രംഗത്തു വന്നിരുന്നു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരസ്ഥാനത്ത് നിന്ന് മാറ്റുന്നതാകും ഉചിതമെന്ന് ടി.എന്‍.പ്രതാപന് പറയുന്നു. എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായതെന്നും പ്രതാപൻ പറയുന്നു.
തൃശൂരില്‍ തന്റെ പകരക്കാരന്റെ പേര് മനസിലുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ ഇപ്പോൾ പറയുന്നില്ല.
അതേസമയം തെരഞ്ഞെടുപ്പ് വേളയിൽ ഹൈക്കമാൻഡ് തന്നോട് ആരാഞ്ഞാല്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് അപ്പോൾ അറിയിക്കും- ടി.എൻ.പ്രതാപൻ പറഞ്ഞു.
സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിതിയുണ്ടാകരുത്. പാര്‍ട്ടിയും ജനങ്ങളുമാണ് ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത്. കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല.
മതസാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും എന്‍എസ്എസിന് മറുപടിയായി പ്രതാപന് പറഞ്ഞു.
എല്ലാവരും ആവശ്യപ്പെടുന്പോൾ പറ്റില്ലെന്ന് എങ്ങനെ പറയുമെന്ന് ശശി തരൂർ
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് ശശി തരൂർ ചോദിക്കുന്നത്. ഇനി സംസ്ഥാനത്ത് കൂടുതൽ സജീവമാകുമെന്ന നിലപാടിലാണ് ശശി തരൂർ.
കേരള രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന് ശശി തരൂരിനോട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു.
ശശി തരൂർ ഡല്‍ഹി നായരല്ല, കേരള പുത്രനും വിശ്വപൗരനാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും പുകഴ്ത്തിയിരുന്നു. മന്നം ജയന്തി സമ്മേളനത്തിലായിരുന്നു സുകുമാരൻ നായരുടെ പരാമർശം.
10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തിയിലേക്ക് ക്ഷണിച്ചത്. ശശി തരൂർ ‘ഡല്‍ഹി നായര്‍’ ആണെന്ന പരാമര്‍ശവും വേദിയില്‍ തിരുത്തിയിരുന്നു.
നാളെ രണ്ടാംഘട്ട മലബാർ പര്യടനവുമായി ശശി തരൂർ
നാളെ മുതൽ ശശി തരൂർ രണ്ടാംഘട്ട മലബാര്‍ പര്യടനം ആരംഭിക്കുകയാണ്. ഇകെ വിഭാഗം സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അത്താഴ വിരുന്നില്‍ നാളെ ശശി തരൂര്‍ പങ്കെടുക്കും.
വ്യാഴാഴ്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ശശി തരൂർ സന്ദർശിക്കും. എം.കെ. മുനീർ, സാമൂതിരി രാജ എന്നിവർ ഒപ്പമുണ്ടാകും. രണ്ടാം ഘട്ട സന്ദർശനത്തിൽ ഇരുവിഭാഗം സുന്നി നേതാക്കളും ശശി തരൂരിന് പ്രത്യേകം സ്വീകരണം ഒരുക്കുന്നുണ്ട്.