കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികള്‍ക്കും സീറ്റ് വിഭജനചര്‍ച്ചകള്‍ കീറാമുട്ടിയാകും. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസും വലതുമുന്നണിയില്‍ മുഖ്യഘടകക്ഷിയായ മുസ്ലീം ലീഗും ഒരോ സീറ്റ് അധികം വേണമെന്ന നിലപാടിലാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യവും ദേശീയതലത്തിലെ ഇന്ത്യ മുന്നണി രൂപീകരവും ചെറുകക്ഷികളുടെ പോലും രാഷ്ട്രീയ പ്രാധാന്യം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ നേടുന്ന ഓരോസീറ്റും രാഷ്ട്രീയ കക്ഷികളുടെ നിലനില്പിന്റെ കൂടി പ്രശ്നമായി മാറിയിട്ടുണ്ട്.
അധിക സീറ്റ് ലഭിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞുകഴിഞ്ഞു. ഈ ചർച്ച ഇതുപോലെ യുഡിഎഫ് യോഗത്തിലും തുടരും.
അധിക സീറ്റ് ലഭിച്ചാൽ പാർട്ടിക്ക് മത്സരസാധ്യതയുള്ളത് കോഴിക്കോട്, വടകര, വയനാട് സീറ്റുകളാണ്. നിലവിൽ ലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കൺവെൻഷനുകൾ ചേർന്നു.
‘ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം’ എന്ന തലക്കെട്ടിൽ 100 കേന്ദ്രങ്ങളിൽ നടത്തുന്ന കാമ്പയിനാണ് മറ്റൊരു പ്രവർത്തനം. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയും ഒരുവട്ടംകൂടി മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുടെ തീരുമാനമാണ് നിർണായകം.
സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ യുവാക്കളോട് പുറംതിരിഞ്ഞുനിൽക്കുന്നത് പാർട്ടിയുടെ ശക്തി ക്ഷയിപ്പിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ സാദിഖലി തങ്ങൾ എന്തു തീരുമാനമെടുക്കുമെന്നതാണ് പ്രധാനം.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി അധികമായി ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം)തീരുമാനിച്ചിട്ടുണ്ട്.കോട്ടയത്തിന് പുറമെ പത്തനംതിട്ട സീറ്റിന് കൂടിയായിരിക്കും അവകാശവാദം ഉന്നയിക്കുക. ഇടതു ചേരിയില്‍ എത്തിയ ശേഷമുള്ള ആദ്യ ലോക്സഭ തിരഞ്ഞെടുപ്പിനാണ് കേരള കോണ്‍ഗ്രസ് എം തയാറെടുക്കുന്നത്.
എന്നാല്‍ അധിക സീറ്റ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ചും ദേശീയതലത്തില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎം ശ്രമിക്കുന്നസന്ദര്ഭത്തില്. എന്തായാലും ശക്തമായ ചര്‍ച്ചകള്‍ സീറ്റ് വിഭജനകാര്യത്തില്‍ നടക്കുമെന്ന കാര്യം ഉറപ്പാണ്.