കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന്റെ രാഷ്ട്രീയചിത്രം തെളിയുന്നു. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും. സിറ്റിംഗ് എംപി തോമസ് ചാഴികാടന് വീണ്ടും മത്സരിക്കും.
കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് അച്ചു ഉമ്മനെ മത്സരിപ്പിക്കുമെന്ന കിംവദന്തികള്‍ക്കു വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പ്രഖ്യാപിച്ചു. ജോസഫ് വിഭാഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ് തുടങ്ങിയവരാണു പരിഗണനയില്‍.
അപു ജോണ്‍ ജോസഫ്, എം.പി. ജോസഫ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പന് തുടങ്ങിയവരും പരിഗണിക്കപ്പെടാം. എന്‍ഡിഎയില്‍ കോട്ടയം സീറ്റില്‍ ബിജെപി മത്സരിക്കും.
സ്ഥാനാര്‍ഥി ആരെന്നതില്‍ വ്യക്തതയില്ല. മൂന്നു മുന്നണികളും വൈകാതെ സമ്മേളനങ്ങളും ജാഥകളും ജനസമ്പര്‍ക്കവുമായി മുന്നോട്ടിറങ്ങുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം യുഡിഎഫിലായിരുന്നു.
തോമസ് ചാഴികാടന് 1.8 ലക്ഷം വോട്ടുകളുടെ മുന്‍തൂക്കത്തിലാണ് വി.എന്‍. വാസവനെ പരാജയപ്പെടുത്തിയത്. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനാകും കളമൊരുങ്ങുക.
പിറവം, വൈക്കം, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്സഭാ പരിധിയിലുള്ളത്. 13 ലക്ഷത്തോളം വോട്ടര്‍മാരുണ്ട്.