കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മുന്നണികളും പാര്‍ട്ടികളും. യുഡിഎഫ് നേതൃത്വം അടുത്തയാഴ്ച സീറ്റുവിഭജന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു തലസ്ഥാനത്തു തുടക്കിമിടും.
ഇടതുമുന്നണിയാകട്ടെ ഇന്നലെ ചേര്‍ന്ന സംസ്ഥാന യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. എന്‍ഡിഎയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും.
ബൂത്തുതലം വരെയുള്ള കമ്മിറ്റികളെ ശക്തമാക്കുകയാണു കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കെടുത്തിരുന്നു.
കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും ഒരു കാരണവശാലം മണ്ഡലം കൈവിടരുതെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്, ജോസി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ബ്ലോക്ക് തല കമ്മിറ്റികളില്‍ പങ്കെടുത്ത് താഴേക്കിടയിലുള്ള കമ്മിറ്റികള്‍ ശക്തമാക്കും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
റബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് നയിച്ച റബര്‍ കര്‍ഷക ലോംഗ് മാര്‍ച്ചിന്റെ ആവേശത്തിലാണ് പാര്‍ട്ടി. ജില്ലാ ക്യാമ്പിനു ശേഷം തീരുമാനിച്ച മണ്ഡലതല നേതൃയോഗങ്ങളും മാര്ച്ചിനോടുനുബന്ധിച്ചു നടന്നു.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയോടെ കേരള കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ച് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കു കടന്നുകഴിഞ്ഞു.
എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്റെ തീരുമാനമായിരിക്കും അന്തിമം. ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ വച്ചുമാറുന്ന കാര്യത്തിലും ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ വര്‍ഗ ബഹുജന സംഘടനകളുമായി ചേര്‍ന്ന് സിപിഎം തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
കേന്ദ്ര അഗവണനയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും ചൂണ്ടിക്കാട്ടി വിവിധ പ്രചാരണ പരിപാടികളാണ് ആൂസത്രണം ചെയ്തിരിക്കുന്നത്.
കേന്ദ്രഅവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല 20നു നടക്കും. ബൂത്തുതലം വരെ കമ്മിറ്റികള്‍ രൂപീകരിച്ച് സിപിഎം പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നു. എല്‍ഡിഎഫ് ജില്ലാ നേതൃയഗേം 20നു കോട്ടയത്തു ചേര്‍ന്ന് എല്‍ഡിഎഫ് തലത്തിലുള്ള പ്രചാരണപരിപാടികളും ചര്‍ച്ച ചെയ്യും.
കോട്ടയത്ത് സിറ്റിംഗ് എംപി തോമസ് ചാഴികാടന് വീണ്ടുമൊരു മത്സരത്തിനു തയാറെടുത്തു കഴിഞ്ഞു. അഞ്ചു വര്‍ഷക്കാലം നടത്തിയ വികസനപ്രവര്‍ത്തനങ്ങളുമായി എംപി മണ്ഡലമാകെ സജീവമാണ്.
റബര്‍കര്‍ഷകരുടെ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നവകേരള സദസിനിടെ എംപിയെ മുഖ്യമന്ത്രി അപമാനിച്ച വിഷയം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
കെ.എം. മാണിയുടെ ജന്മദിനം 30നു കാരുണ്യദിനമായി ആചരിക്കുന്ന പരിപാടികളോടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കു തുടക്കമാകും. യൂത്ത് ഫ്രണ്ട്-എം നേതൃത്വത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മണ്ഡലങ്ങളില്‍ ആരംഭിച്ചു.
ബിജെപിക്കാണോ ഘടകക്ഷികള്ക്കാണോ കോട്ടയം സീറ്റെന്ന കാര്യത്തില്‍ എന്‍ഡിഎയില്‍ തീരുമാനമായിട്ടില്ല. ബിഡിജെഎസ് സീറ്റിനായി രംഗത്തുണ്ട്. ബിജെപിയില്‍ ഒരുപിടി പ്രമുഖരുടെ പേരുകള്‍ സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ട്. ഭാരത് സങ്കല്പ് യാത്രയായിരുന്നു ബിജെപിയുടെ താഴെ തട്ടിലുള്ളപ്രചാരണ പരിപാടി. ഇന്നലെ ഇതു പൂര്‍ത്തിയായി.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ അടുത്ത മാസം ആദ്യം ജില്ലയിലെത്തും. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാനാണ് ബിജെപി ക്യാമ്പിന്റെ തീരുമാനം.