ന്യൂഡൽഹി: ലോക്സഭയിൽ കർക്കശക്കാരനായ കണക്കുമാഷിന്റെ റോളിൽ സ്പീക്കർ ഓം ബിർള. എന്നാൽ, അങ്ങനെ അടക്കി ഒതുക്കി ഇരുത്താൻ തങ്ങൾ പള്ളിക്കൂടം പിള്ളേരല്ലെന്നു മറുപടി നൽകി കേരള എംപിമാർ. ഇന്നലെ ചോദ്യോത്തരവേള കഴിഞ്ഞ് ശൂന്യവേളയിലേക്കു കടക്കുന്നിനിടെയാണ് എംപിമാർ ഇരിപ്പടത്തിൽനിന്നെഴുന്നേറ്റു നടക്കരുതെന്നും സഭ നടക്കുന്പോൾ മിണ്ടാതിരിക്കണമെന്നും സ്പീക്കർ എഴുന്നേറ്റു നിന്നു പറഞ്ഞത്. ഇതിനിടെ മുത്തലാക്ക് ബില്ലവതരണത്തിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധവും തുടങ്ങിയിരുന്നു.
കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തന്റെ സീറ്റിൽനിന്നെഴുന്നേറ്റ് ശശി തരൂർ എംപിയുടെ അരികിൽ ചെന്നു നിന്നു സംസാരിക്കുന്നതിനെ വിലക്കിയാണ് സ്പീക്കർ ചട്ടം പറഞ്ഞു വിരട്ടിയത്. ഇതൊന്നും ഇവിടെ നടപ്പില്ലെന്നും വർത്തമാനം പറയണം എന്നുള്ളവർ സഭയ്ക്കു പുറത്തു പോയി പറഞ്ഞിട്ടു വരണമെന്നും സ്പീക്കർ കർശന നിർദേശം നൽകി.
ഇതോടെ പ്രതിപക്ഷ നിരയിൽ മുന്നിലിരുന്ന കേരള എംപിമാർ പ്രതിഷേധവുമായി എഴുന്നേറ്റു. അങ്ങനെ അടിച്ചിരുത്താൻ തങ്ങൾ സ്കൂൾ കുട്ടികളെല്ലെന്നാണ് തൃശൂർ എംപി ടി.എൻ. പ്രതാപൻ പറഞ്ഞത്. തങ്ങൾ ജനങ്ങളുടെ വോട്ട് കിട്ടി വന്ന ജനപ്രതിനിധികളാണെന്നും സഭയുടെ ഓടുപൊളിച്ച് ഇറങ്ങിവന്നവരെല്ലന്നുമായിരുന്നു എറണാകുളത്തുനിന്നുള്ള പുതുമുഖ എംപി ഹൈബി ഈഡന്റെ പ്രതികരണം. മഷി പുരണ്ട ചൂണ്ടുവിരലുയർത്തി തങ്ങൾ വോട്ടു കിട്ടി വന്നവരാണെന്നു ഹൈബി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരും പ്രതിഷേധവുമായി എഴുന്നേറ്റു.
ഇരുന്നിടത്തുനിന്ന് അനങ്ങാനേ പാടില്ലെന്നുള്ള സ്പീക്കറുടെ താക്കീതിനെതിരേ പ്രതിപക്ഷ നിരയിൽനിന്നുള്ള എംപിമാർ ഒന്നടങ്കം എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. സഭയിൽ മതപരമായ മുദ്രാവാക്യം വിളികൾ ആരും മുഴക്കരുതെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും ബിജെപി അംഗങ്ങൾ തന്നെ ജയ്ശ്രീറാം വിളികളുമായി പലതവണ ഇതു ലംഘിച്ചു.
ഇന്നലെ പാർലമെന്റിനു പുറത്ത് പത്രസമ്മേളനം നടത്തിയപ്പോഴും പ്രധാനമന്ത്രി മോദിയെപ്പോലെതന്നെ ചോദ്യങ്ങളിൽനിന്നൊഴിഞ്ഞു മാറിയ സ്പീക്കർ ഓം ബിർള, പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങുന്നത് നിർത്തണമെന്നു പറഞ്ഞു. സിന്ദാബാദ്, മൂർദാബാദ് വിളികളുമായി നടുത്തളത്തിലേക്കിറങ്ങുന്നതെന്തിനാണ്. അങ്ങനെ മുദ്രവാക്യം വിളിക്കണമെന്നും പ്ലാക്കാർഡ് പിടിക്കണമെന്നും ആഗ്രഹമുള്ളവർക്ക് പാർലമെന്റിനു പുറത്ത് അതു ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.