മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബോളിവുഡ് താരങ്ങളെ കളത്തിലിറക്കാൻ ബിജെപി നീക്കം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറുമായും മാധുരി ദീക്ഷിതുമായും ബിജെപി ചർച്ചനടത്തിയെന്നാണു പുറത്തുവരുന്ന വിവരം.
യുവാക്കളുടെ വോട്ട് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാൻ തയാറെടുക്കുന്നത്. എന്നാൽ പാർട്ടി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.
മുംബൈയിൽ സിറ്റിംഗ് എംപിമാരിൽ പൂനം മഹാജൻ ഒഴികെയുള്ളവരെ ബിജെപി വീണ്ടും മത്സരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് അനുകൂല വിധിയെഴുതിയ സൗത്ത് മുംബൈ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാകും മത്സരിക്കുക.