കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാതെ ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ജനുവരിയിലാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥലം മാറ്റുന്നത്. എന്നാൽ ഫലം വന്ന് മാസം ഒന്നായിട്ടും ഉദ്യോഗസ്ഥരെ പഴയ സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ചട്ടില്ല.
സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവർക്കായിരുന്നു ട്രാൻസ്ഫർ. താത്കാലിക സ്ഥലംമാറ്റം ലഭിച്ച എസ്ഐ മാർ മാത്രമാണ് അതതു സ്റ്റേഷനുകളിൽ തിരികെയെത്തിയിട്ടുള്ളത്.
താത്കാലിക സ്ഥലം മാറ്റം ആയതു കൊണ്ട് ആർക്കും തന്നെ കുടുംബത്തെ ഒപ്പം കൂട്ടാനായിട്ടില്ല. താത്കാലിക നിയമനമായതിനാൽ ഔദ്യോഗിക കൃത്യനിർവഹണം ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കുന്നില്ല എന്നും ആരോപണമുണ്ട്.
ട്രാൻസ്ഫര്‍ വിഷയത്തില്‍ പോലീസ് അസോസിയേഷന് ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പുൾപ്പെടെയുള്ള അത്യാവശ്യഘട്ടങ്ങളില്‍ ട്രാൻസ്ഫര്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികേ അതത് സ്റ്റേഷനുകളിലേക്കുതന്നെ ഉദ്യോഗസ്ഥരെ പറഞ്ഞയക്കാറുണ്ടായിരുന്നു. തുടര്‍ നടപടികളില്‍ കാലതാമസം വരുന്നതിനെകുറിച്ച് ആഭ്യന്തരവകുപ്പിനും മിണ്ടാട്ടമില്ല.