കൊരട്ടി: നാട് ലോക്ക് ഡൗണായതോടെ ഇറ്റലിയിലേക്കു തിരിച്ചു പോകാനാകാതെ കുടുങ്ങിയ കലാകാരനും പ്രവാസിയുമായ തിരുമുടിക്കുന്ന സ്വദേശി തിരിച്ചു പോകാനാകാത്ത വിഷമം തീർത്തത് കിണർ കുഴിച്ച്.
നടൻ, ശിൽപി, ചിത്രകാരൻ, ഗായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ കിഴക്കുംപുറം ജോഷിയാണ് കലാരംഗം വിട്ട് കിണർ പണിക്കാരെയും ഞെട്ടിച്ച് കിണർ കുഴിച്ചത്.
ഇറ്റലിയിൽ 12 വർഷമായി ശിൽപ്പിയായി ജോലി ചെയ്യുന്ന ജോഷി പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാനാണ് കഴിഞ്ഞമാസം ഒടുവിൽ നാട്ടിലെത്തിയത്.
രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ അദ്ദേഹം ലോക്ക് ഡൗണിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് കിണർ കുഴിക്കാൻ തീരുമാനിച്ചത്.
തൊട്ടടുത്ത വീട്ടിലെ ബന്ധുവായ പാണാട്ടുപറന്പൻ ഡേവീസും ഭാര്യ ഷൈബിയും മക്കളും പിന്തുണയുമായി കൂടിയതോടെ ചുരുങ്ങിയ ദിവസം കൊണ്ട് കിണറിൽ വെള്ളം കണ്ടു. ജോലികളിലെ പൂർണ്ണത നിർബന്ധമുള്ള ഈ കലാകാരൻ കിണറിന്റെ അവസാന മിനുക്കുപണിയിലാണ്.
തിരുമുടിക്കുന്ന് പള്ളിയിലെ ബൈബിൾ നാടകങ്ങളിൽ തുടങ്ങി ഗ്രാമീണ നാടകാവതരണങ്ങളിലൂടെ വളർന്നു വന്ന കലാകാരനാണ് ജോഷി. തൃപ്പൂണിത്തുറ ആർഎൽവി കോളേജിലും പഠനം പൂർത്തിയാക്കിയ ജോഷി കാന്പസ് തിയേറ്ററിലും സജീവമായിരുന്നു.
രമേശ് വർമ്മ സംവിധാനം ചെയ്ത “ഇരുവട്ടം മണവാട്ടി’ എന്ന ചൈനീസ് നാടകത്തിൽ ചിൻ സുംഗ് എന്ന കഥാപാത്രം രാജ്യം മുഴുവൻ പ്രശംസ നേടിയിരുന്നു.
ഒട്ടേറെ ഷോട്ട് ഫിലിമുകളിലും പത്തോളം സിനിമകളിലും പ്രവർത്തിച്ചിട്ടുള്ള ജോഷി പിന്നീട് വിദേശത്തായിരുന്നു. ഇറ്റലിയിലുള്ള ഭാര്യ ജാൻസി കോവിഡായതിനാൽ വീട്ടിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.