സ്വന്തം ലേഖകൻ
കൊല്ലം: റെയിൽവേ പോലീസ് പിടികൂടി തൊണ്ടിമുതലുമായി ഈസ്റ്റ് പോലീസിന് കൈമാറിയ പെട്രോൾ മോഷ്ടാക്കളെ കേസെടുക്കാതെ രഹസ്യമായി വിട്ടയച്ചത് വിവാദമാകുന്നു.
സംഭവം പുറത്തറിഞ്ഞതോടെ സിറ്റി പോലീസ് കമ്മീഷണർ റ്റി. നാരായണൻ വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കയാണ്.
കൊല്ലം എസിപി ജി.ഡി. വിജയകുമാറിനാണ് അന്വേഷണ ചുമതല. 20 – ന് രാത്രി 11.30 ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപത്തെ റോഡിൽ നിന്നാണ് രണ്ട് യുവാക്കളെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസ് ഗ്രേഡ് എഎസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അഫ്സൽ, ഷിഹാബ് എന്നിവർ ചേർന്ന് പിടികൂടിയത്.
അപ്പോൾ യുവാക്കളുടെ കൈവശമുള്ള ബാഗിൽ അഞ്ച് കുപ്പികളിൽ പെട്രോളും ഉണ്ടായിരുന്നു.
ഇവരെ പിടികൂടിയ സ്ഥലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയാണ്. ഇതുകാരണം റെയിൽവേ പോലീസ് വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
തുടർന്ന് ഈസ്റ്റിൽ നിന്ന് ജീപ്പ് എത്തി യുവാക്കളെയും പെട്രോൾ കുപ്പികൾ അടങ്ങിയ ബാഗും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു.
പിന്നീട് യുവാക്കളെ കേസെടുക്കാതെ വിട്ടയച്ചതാണ് പോലീസ് സേനയ്ക്കാകെ നാണക്കേടായി മാറിയിരിക്കുന്നത്.
തൊണ്ടി മുതലായ അഞ്ച് കുപ്പി പെട്രോളിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിലും പോലീസിന് വ്യക്തമായ ഉത്തരമില്ല.
മോഷ്ടാക്കളെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ബഞ്ചിൽ ഇരുത്തിയേക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുമുണ്ട്.
ഈ ചിത്രം റെയിൽവേ പോലിസിന്റെയും കൈവശമുണ്ട്. ഈസ്റ്റ് സ്റ്റേഷനിലെ സിസിടിവി കാമറയിലും ദൃശ്യങ്ങൾ ഉണ്ടാകും.
എന്നിട്ടും മോഷ്ടാക്കളായ യുവാക്കളെ ആരുടെ നിർദേശാനുസരണം വിട്ടയച്ചു, തൊണ്ടി മുതൽ എവിടെ എന്ന കാര്യങ്ങളായിരിക്കും കൊല്ലം എസിപി പ്രധാനമായും അന്വേഷിക്കുക.
ഒരു സ്റ്റേഷനിലെ പോലീസുകാർ പിടികൂടി മറ്റൊരു സ്റ്റേഷന് കൈമാറുന്ന പ്രതികളെ കേസെടുക്കാതെ വിട്ടയച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ദീപികയോട് പറഞ്ഞു.
കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളുടെയും മുന്നിലുള്ള റോഡ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്.
പ്രസ്തുത റോഡുകളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നത് അടുത്തിടെ നിത്യസംഭവമായി മാറി.
ഇതിന്റെ അടിസ്ഥാനത്തിൽ തീവണ്ടി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ഭാരവാഹികൾ 18 – ന് രാത്രി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്താൽ അതിൽ മോഷണം നടത്തുന്നവരെ പിടികൂടലല്ല ജോലിയെന്നും, ഞങ്ങൾക്ക് വേറെ പണിയുണ്ടെന്നും ആയിരുന്നു അപ്പോൾ സ്റ്റേഷൻ എസ്എച്ച്ഒയുടെ (സിഐ) ധിക്കാരപരമായ മറുപടി. പരാതിക്ക് അപ്പോൾ രസീത് നൽകിയതുമില്ല.
സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത് റെയിൽവേ പോലീസിൽ നിന്ന് അറിഞ്ഞ പരാതിക്കാർ ഇതു സംബന്ധിച്ച വിവരം അറിയാനും ആദ്യം നൽകിയ പരാതിയുടെ രസീത് കൈപ്പറ്റാനുമായി 25 – ന് രാവിലെ സ്റ്റേഷനിൽ എത്തി.
അവിടെ ഉണ്ടായിരുന്ന ജിഡി ഇൻ ചാർജ് പരാതിക്കാരനോട് മോശമായാണ് പെരുമാറിയത്. പ്രതികളെ എന്ത് ചെയ്യണമെന്ന് പോലീസുകാർക്ക് അറിയാമെന്നും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനും ജിഡി ചാർജുകാരൻ പരാതിക്കാരനോട് ഉച്ചത്തിൽ ആക്രോശിച്ചു.
സ്റ്റേഷനിൽ ഒപ്പിടാൻ വരുന്ന സ്ഥിരം കുറ്റവാളികളുടെ മുന്നിൽ വച്ചായിരുന്നു ജിഡി ചാർജിന്റെ പ്രകടനം.
പിന്നീട് പരാതിക്കാരൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചപ്പോൾ ഉടൻ തന്നെ ജിഡി ചാർജുകാരൻ പരാതിക്ക് രസീത് നൽകുകയും ചെയ്തു.
തുടർന്നാണ് മോഷ്ടാക്കളെ വിട്ടയച്ചതും ജനമൈത്രീ പോലീസ് സ്റ്റേഷനിലെ ജിഡി ചാർജുകാരന്റെ മോശം പെരുമാറ്റവും സംബന്ധിച്ച വിവരങ്ങൾ സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിശദമായ അന്വേഷണത്തിന് കൊല്ലം ഡിവൈഎസ്പി ക്ക് ചുമതല നൽകിയത്.
വിവരം വൈകിയറിഞ്ഞ സ്പെഷൽ ബ്രാഞ്ച് പോലീസും രഹസ്യാന്വേഷണം നടത്തുന്നതായും വിവരമുണ്ട്.