ലണ്ടന്‍: കായികങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന അത്ലറ്റിക്സിന്റെ ലോകപോരാട്ടത്തിന് ഇന്നു തുടക്കം. അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യവെടി മുഴങ്ങുമ്പോള്‍ ഇതിഹാസങ്ങളുടെ അവസാന അങ്കത്തിലാകും ഏവരുടെയും ശ്രദ്ധ. ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന് ഉസൈന്‍ ബോള്‍ട്ടും ഏറ്റവും മികച്ച ദീര്‍ഘദൂര ഓട്ടക്കാരനും ലണ്ടന്‍ മീറ്റോടെ ട്രാക്കില്‍നിന്നു വിടവാങ്ങും.
ലണ്ടനിലെ പ്രശസ്തമായ സ്ട്രാറ്റ്ഫോഡ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പിന്റെ 16-ാം പതിപ്പിന്റെ മുദ്രാവാക്യം ‘റെഡി ടു ബ്രേക് റിക്കാര്‍ഡ്സ്’ എന്നാണ് . കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് ലണ്ടനില്‍ ലോകചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആയിരത്തിലേറെ അത്ലറ്റുകള് പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയില്‍നിന്നാണ് ഏറ്റവുമധികം പേരെത്തുന്നത്; 167. ആതിഥേയരായ ബ്രട്ടനില്നിന്ന് 92ഉം ജമൈക്കയില്‍നിന്ന് 63 പേരും കെനിയ, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് 50 പേര് വീതവും പങ്കെടുക്കും.
അഫ്ഗാനിസ്ഥാന്, അന്‍ഡോറ, അല്‍ബേനിയ, അംഗോള, അര്‍മേനിയ, മാലി, മാള്‍ട്ട, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഓരോ അത്ലറ്റുകള് മാത്രമാണ് എത്തുന്നത്. ടീം സെലക്ഷന് വിവാദങ്ങള്‍ക്കു ശേഷം 25 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ലണ്ടന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ഉത്തേജക വിവാദത്തില്‍ അകപ്പെട്ട റഷ്യയില്‍നിന്ന് ഒരത്ലറ്റും പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 19 റഷ്യന്‍ അത്ലറ്റുകള്‍ക്ക് പങ്കെടുക്കാനുള്ള അനുമതി അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന് നല്‍കിയെങ്കിലും അവരുടെ ഫെഡറേഷനെത്തന്നെ സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ ആരും പങ്കെടുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
ഫറയുടെ വിരാമം
കഴിഞ്ഞ ആറു വര്‍ഷമായി ദീര്‍ഘദൂര ഓട്ടത്തിലെ വിസ്മയമായി വിരാജിച്ച മുഹമ്മദ് ഫറ എന്ന മോ ഫറ ഈ ചാമ്പ്യന്‍ഷിപ്പോടെ ലോകചാമ്പ്യന്‍ഷിപ്പ് വേദികളില്‍നിന്ന് വിടപറയും. ഇന്നു നടക്കുന്ന 10000 മീറ്റര്‍ ഓട്ടം, ഈയിനത്തില്‍ അദ്ദേഹത്തിന്റെ അവസാന പോരാട്ടമാണ്. 5000 മീറ്ററിലും ഫറ മത്സരിക്കും. സൂറിച്ച്, ബര്‍മിഗ്ഹാം മീറ്റുകളില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട്.
അത്ലറ്റിക്സിലെ രണ്ട് ഇതിഹാസ താരങ്ങളായ ബോള്‍ട്ടും ഫറയും വിടപറയുമ്പോള്‍ വലിയ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. ട്രാക്കില്‍ തീ പടര്‍ത്തി ഓടി നേടിയ പതക്കങ്ങളൊക്കെ ഇനി ചരിത്രത്താളുകളില്‍ ഇടംപിടിക്കും.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.50നാണ് 10000 മീറ്ററിന്റെ ഫൈനല്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിനത്തില്‍ നടക്കുന്ന ഏക ഫൈനലും ഇതാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ലോകചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് പൂര്ണവിരാമമിടാനാണ് ഫറയുടെ ശ്രമം.
ദേയ്ജുവില് 2011ല്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ വെള്ളി നേടിയ ഫറ പിന്നീട് നടന്ന രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം സ്വന്തമാക്കി. മൂന്നു ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഇനങ്ങളിലുമായി ഫറ ഇതുവരെ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ലോകചാമ്പ്യന്‍ഷിപ്പുകളിലും ഇരട്ട സ്വര്‍ണം നേടിയ ഫറ, ഇവിടെയും ഇരട്ടസ്വര്‍ണം നേടിയാല്‍ തുടര്‍ച്ചയായ മൂന്നു ലോകചാമ്പ്യന്‍ഷിപ്പുകളില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരമാകും.
ഇന്നു പോരാട്ടത്തിനിറങ്ങുമ്പോള്‍ ഏവരുടെയും ചോദ്യം ആരെങ്കിലും ഫറയെ തളയ്ക്കുമോ? 2017ലെ പ്രകടനം എടുത്താല്‍ മോ ഫറയേക്കാള്‍ മികച്ച സമയം കുറിച്ച രണ്ടു പേരുണ്ട്. എത്യോപ്യയുടെ അബാദി ഹാദിസ് (27:08.26), എത്യോപ്യയുടെ തന്നെ ജെമാല്‍ യിമര് (27:09.08) എന്നിവരാണവര്‍. മോ ഫറയുടെ സീസണിലെ മികച്ച സമയം 27:10.09 ആണ്. അതുകൊണ്ടുതന്നെ ഫറയ്ക്കു കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇവരുണ്ടാകും. കെനിയയില്‍നിന്നുള്ള ജഫ്രി കാംവോറോര്, ബെദന് കരോകി എന്നിവരും ഫറയ്ക്കു വെല്ലുവിളിയാകാന്‍ സാധ്യതയുള്ളവരാണ്.
ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം 100 മീറ്ററിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളോടെയാണ് ലോകചാമ്പ്യന്‍ഷിപ്പിനു തുടക്കമാകുന്നത്. പുരുഷന്മാരുടെ ഡിസ്കസ് ത്രോ, പുരുഷന്മാരുടെ ലോംഗ് ജംപ്, വനിതകളുടെ 1500 മീറ്റര്‍ വനിതകളുടെ പോള്‍വോള്‍ട്ട്, എന്നിവയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങളും ഇന്നു നടക്കും. പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്സ് പോരാട്ടങ്ങളും ഇന്നു നടക്കും. നാളെയാണ് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനെ കണ്ടു പിടിക്കുന്ന 100 മീറ്റര്‍ ഫൈനല്‍. മീറ്റിന്റെ ആദ്യദിനം ഇന്ത്യന്‍ താരങ്ങളാരും മത്സരത്തിനില്ല.
ആന്ദ്രെ ഡി ഗ്രാസെ പിന്മാറി
ലണ്ടന്‍: നൂറു മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിനു വെല്ലുവിളിയുയര്‍ത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ പരിക്കുമൂലം പിന്മാറി. പിന്തുടയില് പരിക്കേറ്റ ഗ്രാസെ ചാമ്പ്യന്‍ഷിപ്പ് തുടങ്ങാന്‍ ഒറു ദിനം മാത്രം ശേഷിക്കേയാണ് പിന്മാറിയത്.
ഇരുപത്തിരണ്ടുകാരനായ ഗ്രാസെ റിയോ ഒ ളിമ്പിക്സില് 100 മീറ്ററില്‍ വെങ്കലവും 200 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ്. ലണ്ടനില്‍ പരിശീലനത്തിലേര്പ്പെട്ടപ്പോഴാണ് ഗ്രാസെക്കു പരിക്കേറ്റത്. ഈ സീസണില്‍ 100 മീറ്ററില്‍ ഗ്രാസെയുടേതാണ് മികച്ച സമയം; 9.69 സെക്കന്‍ഡ്. ഇതോടെ 100 മീറ്ററില്‍ ബോള്‍ട്ടിന്റെ വിജയം അനായാസമാകുമെന്നാണ് വിലയിരുത്തല്‍. ഗ്രാസെയുടെ പിന്മാറ്റത്തെത്തുടര്ന്ന് ജമൈക്കയുടെ യൊഹാന്‍ ബ്ലേക്, അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിന് എന്നിവരാകും ബോള്‍ട്ടിന്റെ പ്രധാന എതിരാളികള്‍.