ബെയ്ജിംഗ്: ഏഴു രാജ്യങ്ങള്കടന്ന് 12,000 കിലോമീറ്റർ ദൂരം 20 ദിവസംകൊണ്ട് താണ്ടി ആ ട്രെയിൻ ലണ്ടനിൽനിന്നും ചൈനയിൽ എത്തിനിന്നു. ഏപ്രിൽ 10 ന് ലണ്ടനിൽനിന്നും യാത്ര ആരംഭിച്ച ട്രെയിൻ യാത്ര അവസാനിപ്പിച്ചത് ചൈനയിലെ യിവു നഗരത്തിലാണ്. ലോകത്തിലെ രണ്ടാമത്തെ ദീർഘദൂരയാത്രയാണ് ഈ ചരക്ക് തീവണ്ടി പൂർത്തിയാക്കിയിരിക്കുന്നത്. വിസ്കി, കുട്ടികൾക്കുള്ള പാൽ ഉത്പന്നങ്ങൾ, മരുന്നുകൾ, മറ്റ് ചെറു മെഷീനുകൾ എന്നിവയുമായാണ് തീവണ്ടി കൂകിപ്പാഞ്ഞെത്തിയത്.
പടിഞ്ഞാറൻ യൂറോപ്പുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് സിൽക്ക് റൂട്ട് ചരക്ക് ട്രെയിൻ ഗതാഗതം. ലണ്ടനിൽനിന്നും യാത്ര ആരംഭിച്ച ട്രെയിൻ ഫ്രാൻസ്, ബെൽജിയം, ജർമനി, പോളണ്ട്, ബെലാറസ്, റഷ്യ, ഖസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ കടന്നാണ് ചൈനയിലെത്തിയത്.
2013 ലാണ് ചൈന-യൂറോപ്പ് അതിവേഗ റെയില്‍ പാത ഉദ്ഘാടനം ചെയ്യുന്നത്. ഒറ്റവരിപാത മാത്രമെ ഈ റൂട്ടിലൂള്ളൂ. 2014 ല്‍ യിവു റയില്‍വെ സ്റ്റേഷനില്‍നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് ചൈന-യൂറോപ്പ് പാതയിലൂടെയുള്ള ആദ്യ സര്‍വീസ് നടന്നത്.
വിമാനം,കപ്പല്‍ എന്നിവയിലൂടെയുള്ള ചരക്ക് നീക്കത്തേക്കാള്‍ ലാഭകരമാണ് ട്രെയിന്‍ സര്‍വീസ് എന്നാണ് അധികൃതര്‍ പറയുന്നത്. കപ്പൽ യാത്രക്ക് 30 ദിവസം എടുക്കുമെങ്കിൽ ട്രെയിൻ 18 ദിവസത്തിനുള്ളിൽ ചരക്കുകൾ ചൈനയിൽനിന്ന് ബ്രിട്ടനിൽ എത്തിക്കും.