കൽപ്പറ്റ: രാഹുൽഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവർഷം പൂർത്തിയാകുന്നു. രാഹുൽ ഗാന്ധി എംപിയായതിന് ശേഷം വയനാട് അഭിമുഖീകരിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിഷയങ്ങൾ പ്രളയവും കോവിഡുമായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് 20,000 ഭക്ഷ്യധാന്യക്കിറ്റുകളും 20,000 പേർക്കുള്ള ക്ലീനിംഗ് കിറ്റുകളുമായിരുന്നു രാഹുൽ നൽകിയത്. പ്രളയത്തിൽ ധനസഹായം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ മേപ്പാടിയിലെ സനലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ എംപി നൽകി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ രാഹുൽഗാന്ധിയെത്തിച്ച് നൽകിയത് 20,000 മാസ്ക്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമൽ സ്കാനറുകൾ എന്നിവയാണ്.
തുടർന്ന് വയനാട്ടിലെയും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലെയും കമ്യൂണിറ്റി കിച്ചണുകൾക്കായി 28000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകി. 1300ലധികം വൃക്ക, കരൾ രോഗികൾക്കായി ഡയാലിസിസ് കിറ്റുകൾ, ഒരുമാസത്തെ മരുന്ന് എന്നിവയാണ് രാഹുൽ നൽകിയത്.
ഏറ്റവുമൊടുവിൽ ജില്ലയിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരുടെ സുരക്ഷയ്ക്കായി ഏഴുസാധനങ്ങൾ ഉൾപ്പെടുന്ന 500 പിപിഇ കിറ്റുകളും മണ്ഡലത്തിലെത്തി. ഇത് വരുംദിവസങ്ങളിൽ പോലീസ് സേനയ്ക്ക് കൈമാറും.
ഒരു വർഷത്തിനിടെ 4.60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പ്രാദേശിക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിനായി രാഹുൽഗാന്ധി നീക്കിവച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിക്കായി ഒരു കോടി രൂപ അനുവദിച്ചു.
ജില്ലാ ആശുപത്രിയിൽ 26.5 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് ആർത്രോസ്കോപിക് മെഷീനും സജ്ജമാക്കാൻ രാഹുൽഗാന്ധിക്ക് സാധിച്ചു. നൂൽപ്പുഴ, മീനങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കായി വാഹനവും എംപി നൽകി.
കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ വയനാട്ടുകാരടക്കമുള്ള നിരവധി പേരെ സ്വന്തം ചെലവിലും ഇടപെടൽ നടത്തിയും രാഹുൽഗാന്ധി നാട്ടിലെത്തിച്ചു.