ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ മരം എന്ന റിക്കാർഡ് ഇനി മലേഷ്യയിലെ ഒരു മരത്തിന് സ്വന്തം. മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം സഭവനമേഖലയിലാണ് ഈ മരം കണ്ടെത്തിയത്.
ഓക്സ്ഫോർഡ്,നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റികളിലെ ഗവേഷക സംഘവും സൗത്ത് ഈസ്റ്റ് ഏഷ്യൻ റെയ്ൻ ഫോറസ്റ്റ് റിസേർച്ചും ചേർന്നുനടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഈ മരം തിരിച്ചറിഞ്ഞത്. 100.8 മീറ്ററാണ് ഈ മരത്തിന്റെ ഉയരം. ഇതിന് ഏകദേശം 81,500 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് ഗവേഷകർ കരുതുന്നു.
മെനാര എന്നാണ് ഈ മരത്തിന് പേരു നൽകിയിരിക്കുന്നത്. ടവർ എന്നാണ് ഈ മലേഷ്യൻ പേരിന്റെ അർഥം. ഇന്റർ നാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മെരാന്റി എന്ന മരത്തിന്റെ വർഗത്തിൽപ്പെട്ടതാണ് മെനാര. ഗവേഷണസംഘത്തിൽപ്പെട്ട രണ്ടുപേർ ഈ മരത്തിന്റെ മുകളിൽകയറി ടേപ്പ് ഉപയോഗിച്ച് അളന്നാണ് മരത്തിന്റെ ശരിയായ ഉയരം കണ്ടെത്തിയത്.