മുടി എപ്പോഴും അഴകാണ്. നീളമുള്ള മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയത്.
സ്മിതയുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ച് ഉണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളർത്തി തുടങ്ങിയത്.
നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്ന് സ്മിത ശ്രീവാസ്തവ പറഞ്ഞു.
നന്നായി പരിചരണം കൊടുത്തെങ്കിൽ മാത്രമേ മുടി വളരുകയുള്ളു എന്നും ആഴ്ചയിൽ രണ്ട് തവണ മാത്രമേ താൻ മുടി കഴുകുകയുള്ളു എന്നും സ്മിത പറഞ്ഞു. മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂർ വരെയാണ് ഇവർ ചെലവഴിക്കുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.