തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടി. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി.
എന്നാൽ ലോക്ഡൗൺ തുടരും. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണതോതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക്ഡൗൺ ഒഴിവാക്കാനുള്ള സാഹചര്യമുണ്ടാകണമെങ്കിൽ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 60 ശതമാനത്തിലും താഴെയാകണം.
തുടർച്ചയായ മൂന്ന് ദിവസത്തെ ടിപിആർ 15 ശതമാനത്തിലും കുറയണം. പുതിയ രോഗികളുടെ എണ്ണം തുടർച്ചയായ ഏഴ് ദിവസം കുറയണം. ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടാൽ മാത്രമേ ലോക്ഡൗൺ ഒഴിവാക്കാൻ സാധിക്കൂ.
നിലവിൽ ഐസിയു കിടക്കകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 18 ശതമാനത്തിലും അധികമാണ്.
അതിനാൽ ലോക്ഡൗൺ ഒഴിവാക്കിയാൽ രോഗ വ്യാപനം ശക്തമകുകയും നിയന്ത്രണാതീതമാകുകയും ചെയ്യും. ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വർധിച്ചാൽ മരണ സംഖ്യ വർധിക്കും. ജനങ്ങളുടെ ജീവിതം അപകടത്തിൽ ആകുന്നത് തടയാനാണ് ലോക്ഡൗൺ ദീർഘിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവർധനത്തിന്റെ തോത് സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് 20 ശതമാനത്തിലും താഴെയായി.
എന്നാൽ തിരുവനന്തപുരത്തും പാലക്കാടും ടിപിആർ ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. മലപ്പുറത്ത് ടിപിആർ 17.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
അതിനാലാണ് ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു.