തിരുവനന്തപുരം: ശനി, ഞായർ ലോക്ഡൗണ് ഈ ആഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം, മറ്റു ദിവസങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും.
ഇപ്പോൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ബാങ്കുകൾ തുറക്കാൻ അനുമതിയുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള കാറ്റഗറി എയിലും എട്ടു മുതൽ പതിനാറു വരെയുള്ള കാറ്റഗറി ബിയിലുംപെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർസ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തനം അനുവദിക്കും.
ഇൻഡോറിലുള്ള ടെലിവിഷൻ പരന്പര ചിത്രീകരണം അനുവദിക്കും. പൊതുജനങ്ങളുമായുള്ള സന്പർക്കം പൂർണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെയാകും അനുമതി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകും. വാക്സിൻ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ജില്ല വിട്ടു യാത്ര ചെയ്യുന്നതിനു പ്രശ്നമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
ടിപിആർ 16 വരെയുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിനു യാതൊരു വിഷയവുമില്ല. മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നേയുള്ളു.
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണം വിളന്പാൻ തൽക്കാലം അനുമതിയില്ലെങ്കിലും വൈകാതെ അനുവദിച്ചേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.
തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. അവിടെ ലോക്ക് ഡൗണായതിനാലാണിത്. തമിഴ്നാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ ടെസ്റ്റ് റിസൽറ്റ് വേണ്ടിവരും. എന്നാൽ അവിടെ ലോക്ഡൗണുള്ളതിനാൽ എല്ലാദിവസവും പോയിവരാൻ അനുവദിക്കില്ല.
തദ്ദേശസ്ഥാപനങ്ങളിലെ ടിപിആറിന്റെ ഏഴു ദിവസത്തെ ശരാശരി കണക്കാക്കിയാണ് ഇളവുകൾ തീരുമാനിക്കുന്നത്.
ഇക്കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരിയുടെ അടിസ്ഥാനത്തിൽ എട്ടുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്.
ടിപിആർ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തിൽ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള സി വിഭാഗത്തിൽ 171 പ്രദേശങ്ങൾ. പതിനൊന്നിടത്ത് ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. ഈ പ്രദേശങ്ങൾ ഡി വിഭാഗത്തിൽ പെടും.