തുറവൂർ: രണ്ട് ചലച്ചിത്ര അവാർഡുകൾ തുറവൂരിനു സമ്മാനിച്ച് ദമ്പതികൾ. തുറവൂർ വളമംഗലം സ്വദേശി ശ്യാം പുഷ്കറും ഭാര്യ ഉണ്ണിമായയുമാണ് അപൂർവ നേട്ടം കൈവരിച്ചത്.
“ജോജി’എന്ന സിനിമയിലൂടെ ശ്യാം പുഷ്കർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരമാണു നേടിയത്.
അതേ സിനിമയിലെ മികച്ച അഭിനയത്തിലൂടെ ഉണ്ണിമായ മികച്ച സഹനടിക്കുള്ള അവാർഡും കരസ്ഥമാക്കി.
ഒരേ സിനിമയിലൂടെ ഭാര്യയും ഭർത്താവും സംസ്ഥാന അവാർഡ് നേടുന്നതു ചരിത്രത്തിലെ തന്നെ അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു.
തുറവൂരിൽ പ്രവർത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോ ഉടമയുടെ ജീവിതത്തിലെ ഒരു സംഭവം ആധാരമാക്കി എഴുതിയ “മഹേഷിന്റെ പ്രതികാരം’ തിരക്കഥയിലൂടെ ശ്യാം പുഷ്കറിന് നേരത്തേ സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.
തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ സുരഭില വീട്ടിൽ പുഷ്കരന്റെയും റിട്ട. പോസ്റ്റ്മാസ്റ്റർ ഗീത പുഷ്കരന്റെയും മകനാണ് ശ്യാം പുഷ്കർ.