ബെൽഗൊറോഡ്: ചീർത്ത കവിളാണെന്നും തടിച്ചിയാണെന്നുമുള്ള ഭര്‍ത്താവിന്റെ പരിഹാസം സഹിക്കവയ്യാതെയാണു റഷ്യാക്കാരിയായ യാന ബൊബ്രോവ എന്ന സ്ത്രീ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഭക്ഷണം പരിമിതപ്പെടുത്തി. കഠിനമായ വ്യായാമങ്ങൾ ചെയ്തു. അതിനു ഫലവുമുണ്ടായി. ഭാരം വെറും 17 കിലോയായി കുറഞ്ഞു.
ചീർത്തിരുന്ന കവിളൊക്കെ ഒട്ടി.വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം അങ്ങനെ സാധിച്ചെങ്കിലും പണി പാളി. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എഴുന്നേല്ക്കാന് പോലുമാകാതെ യാന ആശുപത്രിയിലായി.
എല്ലും തോലുമായഅവരെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ് തു.റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന സാമൂഹിക-രാഷ്ട്രീയ ടോക് ഷോയില്‍ യാന തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആശുപത്രിയിലെ പരിചരണത്തെ തുടർന്നു യുവതിയുടെ ഭാരം നിലവില്‍ 22 കിലോയായി കൂടിയിട്ടുണ്ട്. 5.2 അടി ഉയരമാണ് ഇവർക്കുള്ളത്.
ചായ, വെള്ളം, മിഠായി, കുക്കികൾ, ഒരു കഷണം ചീസ്, അര ഗ്ലാസ് സൂപ്പ് എന്നിവയാണ് ഇപ്പോഴത്തെ തന്റെ ഭക്ഷണമെന്നു യാന പറയുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും ഭര്‍ത്താവിനെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളെയോ കുറ്റപ്പെടുത്താന്‍ താന്‍ തയാറല്ലെന്നും യാന പറഞ്ഞു.
ഷോയ്ക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നു യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവർക്കു കൗണ്‍സലിംഗ് അടക്കമുള്ള സൈക്കോതെറാപ്പി ചികിത്സ നല്‍കുന്നുണ്ട്.