കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിൽ അന്വേഷണ സംഘം. പ്രതികൾക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണു പോലീസ്.
ആകെ 30 പ്രതികളുള്ള കേസിൽ എട്ടുപേർക്കെതിരേയാണു ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ടാം പ്രതി ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായിൽ ആരിഫ് ബിൻ സലീം(25), ഒന്പതാം പ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറന്പ് വി.എൻ. ഷിഫാസ്(23), സഹോരങ്ങളും കേസിൽ യഥാക്രമം പത്തും പതിനാറും നന്പർ പ്രതികളായ നെട്ടുർ മസ്ജിദ് റോഡിൽ മേക്കാട്ട് സഹൽ (21), സനിദ് (26), 11 ാം പ്രതി പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽപറന്പിൽ ജിസാൽ റസാഖ് (21), 12ാം പ്രതി ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കാരിപുഴി നന്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31), 14 ാം പ്രതി ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ്(20), 15ാം പ്രതി നെട്ടൂർ കരിങ്ങന്പാറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ (25) എന്നിവർക്കെതിരേയാണ് അന്വേഷണ സംഘം ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി), 143, 148, 341, 506(രണ്ട്), 201, 212, 323, 324, 326, 307 തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497990066, 9497990069, 9497987103 എന്നീ നന്പറുകളിൽ വിവരം അറിയിക്കണമെന്ന് പോലീസ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെ 12.30നാണ് മഹാരാജാസ് കാന്പസിനു പുറത്തുള്ള റോഡിൽ വച്ച് അഭിമന്യു കുത്തേറ്റു മരിച്ചത്. ഇതുവരെ 18 പ്രതികളെ അന്വേഷണ സംഘം വിവിധയിടങ്ങളിൽനിന്നു പിടികൂടിയിരുന്നു.