മാന്നാർ: സ്വർണക്കടത്ത് സംഘം മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി പോലീസ് ഇന്നലെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ 22ന് പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത്.
ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് പ്രഭ എന്നിവർക്കും ഇവരുടെ സഹായികൾക്കും വേണ്ടി പൊന്നാനി, കൊടുവള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുത്തിറക്കിയത്.
റിമാൻഡിൽ കഴിയുന്ന പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. ചെങ്ങന്നൂർ ഡിവൈഎസ്പി പി.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.