മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നാളെ പോർച്ചുഗലിനെ നേരിടാനൊരുങ്ങുന്ന 2010 ചാന്പ്യന്മാരായ സ്പെയിനിന് കനത്ത പ്രഹരം. ലോകകപ്പ് മുന്നൊരുക്കത്തിനിടെ റയൽ മാഡ്രിഡ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത യൂലൻ ലോപെടെഗിയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കി.
ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് സ്പെയിൻ പരിശീലകനെ നീക്കിയത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി ലോപെടെഗി മൂന്നു വർഷത്തെ കരാറിൽ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു. ചാന്പ്യൻസ് ലീഗ് ജയത്തിനു പിന്നാലെ സിനദിൻ സിദാൻ രാജിവച്ച ഒഴിവിലേക്കാണ് റയൽ മാഡ്രിഡ് ലോപെടെഗിയെ നിയമിച്ചത്.
ലോപെടെഗിയ്ക്കു പകരം ഫെർണാണ്ടോ യെറോയെ പുതിയ പരിശീലകനായി ആർഎഫ്ഇഎഫ് ഇന്നലെ നിയമിച്ചു. നാളെ പോർച്ചുഗലിനെതിരേ ഇറങ്ങുന്പോൾ യെറോയായിക്കും സൈഡ് ലൈനിൽ. റയൽ മാഡ്രിഡിന്റെയും ബോൾട്ടന്റെയും മുൻ താരമാണ് ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടോ റൂയിസ് യെറോ.
1989 മുതൽ 2002വരെ സ്പെയിനിനായി ബൂട്ട് കെട്ടിയ യെറോ 89 മത്സരങ്ങളിൽനിന്ന് 29 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2014-15ൽ റയൽ മാഡ്രിഡിന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്നു. സ്പെയിനിന്റെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്നു യെറോ.
ലോപെടെഗിയെ പിരിച്ചുവിടാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയലസ് പറഞ്ഞു. സ്പെയിനുമായി രണ്ടു വർഷത്തെ കരാർ ശേഷിക്കേയാണ് അന്പത്തിയൊന്നുകാരനായ പരിശീലകനെ ആർഎഫ്ഇഎഫ് നീക്കിയത്.
സ്പെയിൻ ടീം എല്ലാ സ്പെയിൻകാരുടെയുമാണ്. ലോകകപ്പിനു രണ്ടു മൂന്നു ദിവസം മുന്പ് ഇത്തരം നടപടി ചെയ്യാനാവാത്തതാണ്. എന്നാൽ, ഈ തീരുമാനമെടുക്കാൻ ഞങ്ങൾ നിർബ ന്ധിതരാകുകായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോപെടെഗി വിശ്വാസവഞ്ചന കാട്ടിയെന്ന തോന്നലാണ് അസോസിയേഷനെ പെട്ടെന്നുള്ള തീരുമാനത്തിനിടയാക്കിയത്. സാന്പത്തികമായി കരുത്തരായ റയൽ മാഡ്രിഡിന്റെ വിളിക്ക് മുഖംതിരിക്കാനുള്ള മനസോ ലോകകപ്പ് കഴിഞ്ഞ് തീരുമാനം അറിയിക്കാനുള്ള ക്ഷമയോ ലോപ്ടെഗിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റയലിന്റെ ആറും ബാഴ്സയുടെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും മൂന്ന് വീതം താരങ്ങളുമാണ് സ്പാനി ഷ് ടീമിലുള്ളത്. റയലിന്റെ ചിരവൈരികളാണ് ബാഴ്സയും അത്ലറ്റിക്കോയും. ലോപെടെഗിയുടെ കീഴിൽ തോൽവി അറിയാതെ കളിച്ച സ്പെയിൻ 20 മത്സരങ്ങളിൽ 14 ജയവും ആറ് സമനിലയും നേടിയിരുന്നു.