തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി സമരത്തിന് പിന്തുണയറിയിച്ച് കൊച്ചുമകൻ പോയതിനെതിരെ മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. കൊച്ചുമകൻ മിലൻ ഇമ്മാനുവൽ ലോറൻസിന്റെയും മിലനെ സമരമുഖത്തേക്ക് പറഞ്ഞയച്ച മാതാപിതാക്കളുടെയും നിലപാട് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചുമകനല്ല, ബിജെപിയുമായി കൂട്ടുകൂടുന്ന നിലപാട് ആര് സ്വീകരിച്ചാലും തെറ്റാണ്. സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയും പാർട്ടി ഔദ്യോഗിക പക്ഷത്തെ മുതിർന്ന നേതാവുമൊക്കെയായ ലോറൻസിന്റെ കൊച്ചുമകൻ ബിജെപി വേദിയിലെത്തിയത് വൻ ചർച്ചാ വിഷയമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ ഉപവാസ സമര വേദിയിലാണ് മിലനെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്നും സംസ്ഥാനത്തെ പോലീസ് അക്രമങ്ങൾക്കെതിരായ നിലപാടിന്റെ ഭാഗമായാണ് സമരവേദിയിൽ വന്നതെന്നും മിലൻ പറഞ്ഞിരുന്നു.
അമ്മയാണ് തന്നെ സമരവേദിയിൽ കൊണ്ടുവിട്ടതെന്നും രാഷ്ട്രീയത്തിലിറങ്ങാൻ താത്പര്യമുണ്ടെന്നും പറഞ്ഞ മിലൻ ഏത് പാർട്ടിയിൽ ചേരണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. സമരവേദിയിൽ സംസ്ഥാന അധ്യക്ഷന്റെ ഇരുപ്പിടത്തിന് തൊട്ടടുത്തായിരുന്നു പ്ലസ് ടു വിദ്യാർഥിയായ മിലന് ബിജെപി സീറ്റ് ഒരുക്കിയിരുന്നത്.