പുതുക്കാട്: സേലത്തുനിന്നും ലോറിയില്‍ തൊഴിലാളികളെ കുത്തിനിറച്ചെത്തിയ സംഭവത്തില്‍ പെര്‍മിറ്റ് ലംഘനത്തിന് കേസെടുത്തു. ലോറി പാസഞ്ചര്‍ വണ്ടിയല്ലെന്നതും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും മാത്രമേ ലോറിയില്‍ സഞ്ചരിക്കാന്‍ പാടുള്ളുവെന്ന ചട്ടത്തിന്റെ ലംഘനമാണ് നടന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് പുതുക്കാട് പോലീസ് ലോറി ഡ്രൈവര്‍ സേലം സ്വദേശി കന്തസ്വാമിക്കെതിരെ പെര്‍മിറ്റ് ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കൈക്കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 70 പേരെ കുത്തിനിറച്ചെത്തിയ ലോറി പുതുക്കാട് പോലീസ് പിടികൂടിയത്.
സേലത്തുനിന്ന് അങ്കമാലിയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്നിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയായിരുന്നു ഇത്. ദിവസക്കൂലിക്കു പണി ചെയ്യാന്‍ വരുന്നവരായിരുന്നു ലോറിയില്‍. ഇന്നലെ രാത്രി 10.30 നാണ് ദേശീയപാതയിലൂടെ മനുഷ്യരെ നിറച്ചുവന്ന ലോറി ഹൈവേ പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടത്. അങ്കമാലിയില്‍ 600 രൂപയും ഭക്ഷണവും ദിവസേന കിട്ടുമെന്നറിഞ്ഞ് നാട്ടില്‍നിന്നു പണം പിരിച്ച് ലോറി പിടിച്ചു വരുന്നവരായിരുന്നു സംഘത്തില്‍. 25,000 രൂപ ലോറിവാടക നല്കി വരുന്ന തൊഴിലാളികള്‍ക്കാണ് ഈ ദുരിതയാത്ര.
നാട്ടില്‍ 200 രൂപ ദിവസക്കൂലി കിട്ടുന്നവരാണ് ലോറിയിലുണ്ടായിരുന്നവര്‍. കുടുംബത്തോടെ വന്നിരുന്ന സംഘത്തില്‍ 45 സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. സേലത്തു നിന്ന് ബസില്‍ വരുന്നതിനു 45000 രൂപ ചെലവുവരുമെന്നു യാത്രക്കാര്‍ പറയുന്നു. തൊഴിലാളികളെ രാത്രി പതിനൊന്നോടെ മറ്റൊരു വണ്ടിയില്‍ പോലിസ് അങ്കമാലിയിലേക്കയച്ചു.
സേലം മുതല്‍ പുതുക്കാട് വരെ ആരും ‘കണ്ടില്ല “
തൃശൂര്‍: പുതുക്കാട് ഇന്നലെ ഹൈവേ പട്രോളിംഗ് സംഘം പിടികൂടിയ ലോറി സേലം മുതല്‍ പുതുക്കാട് വരെ ആരുടേയും ” ശ്രദ്ധയില്‍ പെടാതെ ” ചെക്ക് പോസ്റ്റുകളടക്കം താണ്ടിയെത്തിയത് പോലീസിനെ അമ്പരപ്പിച്ചു. 70 പേരെ കുത്തിനിറച്ച ലോറി സേലം മുതല്‍ പുതുക്കാട് വരെ എവിടെയും പിടികൂടുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്നത് ഇത്തരം സംഭവങ്ങളില്‍ പോലീസും ബന്ധപ്പെട്ട അധികാരികളും കണ്ണടയ്ക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്.
സ്വന്തം ഇഷ്ടത്തിന് വണ്ടിപിടിച്ചു വന്നവരാണ് ഇവരെന്ന് വാദിക്കാമെങ്കിലും എന്തെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാല്‍ സംഭവിക്കാവുന്ന ദുരന്തം വലുതാകുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. വാളയാര്‍ ചെക്ക്‌പോസ്റ്റടക്കം പല കടമ്പകളും കടന്ന് കേരളത്തിലെത്തിയ ലോറി ലക്ഷ്യസ്ഥാനത്തെത്തും മുമ്പാണ് പുതുക്കാടുവച്ച് പോലീസ് പിടിയിലായത്. കൈക്കുഞ്ഞുങ്ങളടക്കം ലോറിയിലുണ്ടായിരുന്നിട്ടും വഴിയില്‍ വണ്ടി പിടികൂടാനോ ഇവരെ സുരക്ഷിതമായി മറ്റൊരു വണ്ടിയില്‍ കയറ്റിവിടാനോ പോലീസിന് സാധിച്ചില്ലെന്നതും ഗുരുതരമായ പിഴവാണ്. മനുഷ്യക്കടത്തല്ലെങ്കിലും ചെക്ക്‌പോസ്റ്റുകളുടേയും പോലീസ് പരിശോധന കേന്ദ്രങ്ങളുടേയും കണ്‍മുന്നിലൂടെയുള്ള ഈ മനുഷ്യത്വരഹിതമായ യാത്ര ആരുടെയും കണ്ണില്‍ പെട്ടില്ലെന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.