നാട്ടിക: തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. റോഡില്‍ നാടോടിസംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര് തത്ക്ഷണം മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്.
കാളിയപ്പന് (50), നാഗമ്മ (39), ബംഗാഴി (20), ജീവന് (നാല്), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗോവിന്ദപുരം സ്വദേശികളാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാഹനാപകടത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ചതെന്നാണ് നിഗമനം. മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് ക്ലീനർ.
ലോറി ഡ്രൈവർ ചാമക്കാലച്ചിറ ജോസ് (54) വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്. അലക്സും മദ്യപിച്ചിരുന്നു. അതേസമയം അലക്സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ടുപേരെയും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരേ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു.
പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതൽ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവർ ജോസ് ക്ലീനർ അലക്സിന് വണ്ടി കൈമാറിയത് പൊന്നാനിയിൽ വെച്ചാണ്. അതിനുശേഷമാണ് ഡിവൈഡറും ബാരിക്കേഡും കാണാതെ വാഹനം മുന്നോട്ട് എടുക്കുന്നത്. 50 മീറ്റര്‍ മുന്നോട്ട് വന്നശേഷമാണ് ഉറങ്ങികിടക്കുന്നവര്‍ക്കിടയിലേക്ക് വണ്ടി പാഞ്ഞുകയറിയത്. അടച്ചിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു പറഞ്ഞു.