ആലുവ: വഴി ചോദിക്കാൻ വളവിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി. ആലുവ എടത്തല കോമ്പാറയിൽ രാത്രി 12:30 യോടെയാണ് അപകടം നടന്നത്.
കോമ്പാറ അട്ടക്കാട്ട് അലിക്കുഞ്ഞിന്റെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് ലോറി ഇടിച്ചു നിന്നത്. ലോറിയുടെ മുൻ ചക്രങ്ങൾ കോൺക്രീറ്റ് കട്ടയിൽ ഇടിച്ചു നിന്നത് കൊണ്ടാണ് വൻ അപകടം ഒഴിവായത് വീടിനോട് ചേർന്ന് രണ്ട് അടി വ്യത്യാസത്തിലാണ് ലോറി നിന്നത്. ഉറങ്ങുകയായിരുന്ന വീട്ടുകാർ വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ലോറി ഗേറ്റും മതിലും ഇടിച്ചു തകർത്തത് കാണുന്നത്.
എടത്തല അൽ അമീൻ കോളജിനും കോമ്പാറ ഗവ. സ്കൂളിനും സമീപത്തുള്ള വളവിനടുത്താണ് ലോറി കുടുങ്ങിയത്. 10 അടി താഴ്ചയുള്ള വളവിന് സമീപം റിവേഴ്സ് ഗിയർ ഇട്ട് വഴി ചോദിക്കാൻ വാഹനത്തിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറിയത്.
വല്ലാർപാടത്തുനിന്നും കോമ്പാറ ഭാഗത്തെ ഗോഡൗണിലേക്ക് സ്റ്റീൽ അലമാരകളുടെ ലോഡുമായി വന്ന 40 അടി നീളമുള്ള വാൻഹായ് ചൈനീസ് കമ്പനിയുടെ കണ്ടെയ്നറാണ് ലോറിയിൽ ഉണ്ടായിരുന്നത്. ക്രെയിൻ ഉൾപ്പെടെ സ്ഥലത്ത് എത്തി വാഹനം വലിച്ച് കയറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.