മരട്: ഇടപ്പള്ളി -അരൂർ ദേശീയപാത ബൈപ്പാസിലെ നെട്ടൂരിൽ റോഡരികിൽ പാർക്കുചെയ്തിരുന്ന ലോറികളിൽ തടികയറ്റിവന്ന മറ്റൊരുലോറിയിടിച്ച് രണ്ടു മരണം. ഇന്ന് പുലർച്ചെ 4.30 യോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർ ജോൺ, ക്ലീനർ വർഗീസ് എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് രണ്ട് പേരും മരിച്ചു. ലോറി വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. പോലീസും ഫയർഫോഴ്സും യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തി.
തിരുവനന്തപുരം വെള്ളറടയിൽ നിന്നും ലോഡുമായി പെരുമ്പാവൂരിലേക്കു പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയ്ക്കരികിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറികളിൽ തടി ലോറി വന്നിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
സമീപത്തുള്ള ഷീറ്റ് കമ്പനിയിൽ ഇറക്കാൻ ലോഡുമായി ആന്ധ്രയിൽ നിന്നും വന്ന ലോറികളാണ് പാർക്ക് ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഒരു ലോറി സർവീസ് റോഡിലേക്ക് ഇറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിൽ ഇടിച്ചു നിന്നു.
തടി ലോറി രണ്ടാമത്തെ ലോറിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഏത് സമയവും സർവീസ് റോഡിലേക്ക് വീഴാവുന്ന അപകടകരമായ രീതിയിലാണ് തടി ലോറി റോഡിൽ കിടക്കുന്നത്. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ്ട് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ നെട്ടൂർ ലേക് ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. പനങ്ങാട് പോലിസ് കേസെടുത്തു.
മരടിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്
മരട്: കൊച്ചി- ധനുഷ്ക്കോടി ദേശീയപാതയിൽ മരടിൽ കാൽനട യാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ഇടുക്കി സ്വദേശി രമേശൻ ആണ് മരിച്ചത്. ശിവ പ്രസാദ്, രാഹുൽ എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇന്ന് രാവിലെ 6.30യോടെ മരട് പഴയ സിനി തിയറ്ററിന് സമീപമായിരുന്നു അപകടം.
ചായ കുടിക്കാനായി നടന്നു പോവുകയായിരുന്ന മൂന്ന് പേരെ തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും തെറിച്ച് സമീപത്തുള്ള കാനയിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് മൂന്ന് പേരെയും മരട് പി എസ് മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രമേശൻ 7.15യോടെ മരിച്ചു. ബാക്കി രണ്ട് പേരുടെയും പരിക്ക് ഗുരുതരമായതിനാൽ നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കത്ത് നിന്നും കുണ്ടന്നൂരിലേക്ക് മേളക്കാരുമായി വന്ന കാറാണ് അപകടത്തിൽ പെട്ടത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. കാർ യാത്രക്കാർക്ക് കാര്യമായ പരിക്കൊന്നുമില്ല. മരട് പോലീസ് കേസെടുത്തു.