കൊരട്ടി: കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷനിൽ പാക്കിംഗ് ആവശ്യങ്ങൾക്കായി കൊണ്ടുപോയ ലോഹ നിർമിത ഷീറ്റുകൾ നാഷണൽ പെർമിറ്റ് ലോറിയിൽനിന്നു ബെൽറ്റ് പൊട്ടി റോഡിലേക്ക് വീണു.
തൊട്ടുപിന്നിലും വശങ്ങളിലുമായി മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം.
ചെന്നെെയിൽനിന്ന് അങ്കമാലിയിലേക്ക് പോകുന്ന ലോറി സിഗ്നലിനെ മറികടക്കുന്നതിനിടെ സിഗ്നൽ വീഴുകയും ഡ്രൈവർ പൊടുന്നനെ ബ്രേക്കിട്ടതിനെ തുടർന്ന് വാഹനം ഉലഞ്ഞ് ചരക്ക് കെട്ടിയിരുന്ന ബെൽറ്റ് പൊട്ടി സാധനങ്ങൾ റോഡിലേക്ക് വീഴുകയുമായിരുന്നു.
100 കിലോഗ്രാമിലേറെ ഭാരമുള്ളതായിരുന്നു ലോഹ നിർമിതമായ ഓരോ ഷീറ്റുകളും. കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ റോഡിൽ വീണ ഇരുന്പ് ഷീറ്റുകൾ റോഡിൽ നിന്ന് നീക്കി
. ഷീറ്റുകൾ വീണതിനെ തുടർന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് ഗതാഗതം ക്രമീകരിച്ചത്. എന്നിട്ടും ഗതാഗതം സാധാരണ നിലയിലാകാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു.
അമിതഭാരം കയറ്റി വരുന്ന ലോറികളിൽ ബെൽറ്റ് പൊട്ടി അപകടങ്ങളുണ്ടാകുന്നത് ക്രമേണ ഏറിവരികയാണ്.