മുട്ടം: മുട്ടത്തിന് സമീപം തോണിക്കല്ലിൽ ലോറി വീട്ടിലേക്ക് മറിഞ്ഞു. കുടുംബാംഗങ്ങൾ അദ്ഭുതകരമായി രക്ഷപെട്ടു. ബഥേൽ പുത്തൻവീട്ടിൽ ഫിലിപ്പിന്റെ വീട്ടിലേക്കാണ് ഈരാറ്റുപേട്ടയിൽ നിന്നും പെരുന്പാവൂരിലേക്ക് പ്ലെവുഡുമായി പോയ ലോറി മറിഞ്ഞത്. ഇന്നലെ പുലർച്ചെ 1.30 നായിരുന്നു സംഭവം.
വീടിന്റെ മതിലും കാർ പോർച്ചിൽ കിടന്ന മാരുതി ആൾട്ടോ കാറും ബൈക്കും പൂർണമായും തകർന്നു. ഈ സമയം ഫിലിപ്പും ഭാര്യ സിസിലിയാമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അപകടത്തിൽ നിന്നും രക്ഷപെട്ടു. വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഫിലിപ്പ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുട്ടം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. പൊള്ളാച്ചിയിലുള്ള അരുണ്‍ രാജിന്േറതാണ് ലോറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അരുണ്‍ രാജ് പരിക്കു പറ്റി ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് പോയി. എന്നാൽ ആശുപത്രിയിൽ എത്തിയ ആരുണ് രാജ് ഡ്രൈവറെയും കൂട്ടി സ്ഥലത്തു നിന്നും മുങ്ങി. ഇതിനിടയിൽ പ്ലൈവുഡിന്റെ ഉടമയായ ഈരാറ്റുപേട്ട സ്വദേശി മറ്റൊരു വാഹനവുമായി വന്ന് ലോഡ് കൊണ്ട് പോകാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.