പാലക്കാട്: ചിറ്റൂർ ആലാംകടവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഉറങ്ങികിടക്കുകയായിരുന്ന നാടോടി യുവതിക്കു ദാരുണാന്ത്യം.
മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) ആണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയശേഷം ലോറി മറിയുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
പാർവതിയോടൊപ്പം ഉണ്ടായിരുന്ന കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാർവതി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ചിറ്റൂർ പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച പാർവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാല് ദിവസം മുന്പ് തൃശൂർ നാട്ടികയിലുണ്ടായ സമാന അപകടത്തിൽ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.