കൊഴിഞ്ഞാന്പാറ: വേലന്താവളം ഉൗടുവഴിയിലൂടെ മെറ്റലുമായി വന്ന മൾട്ടി ആക്സിൽ ലോറി നിയന്ത്രണം വിട്ടു റോഡുവക്കത്തെ വീടിനു മുന്നിൽ ചരിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് കൊടമാളച്ചളളയിലാണ് അപകടം .
നിയന്ത്രണം വിട്ടു പാഞ്ഞു വരുന്ന വാഹനത്തെ കണ്ട് വീട്ടിനു മുന്നിൽ നിന്നും വീട്ടുടമ ഓടി രക്ഷപ്പെടുകയായിരുന്നു.
കോയന്പത്തൂർ സ്വകാര്യ ക്വാറിയിൽ നിന്നും നെ·ാറ ഭാഗത്തെ ക്വാറി ഉടമകൾക്ക് മെറ്റൽ കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വേലന്താവളം ആർ.ടി.ഒ. ചെക്ക് പോസ്റ്റിനു മുന്നിലൂടെയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്.
എന്നാൽ ചെക്ക് പോസ്റ്റ് ഒഴിവാക്കാനാണ് മെറ്റൽ ലോറികൾ ഒഴലപ്പതി ബൈപാസ് വഴി സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മുൻപ് ചുണ്ണാന്പുക്കൽമേടിനു സമീപം ലോറിക്കടിയിൽപ്പെട്ട് കാൽനടയാത്രക്കാരി മരണപ്പെട്ടിരുന്നു.
രണ്ടു മാസം മുന്പ് പരിശിക്കൽ വെച്ച് മെറ്റൽ കടത്തു ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാർത്ഥിക്ക് സാരമായ പരിക്കുപറ്റിയിരുന്നു. മേട്ടുപ്പാളയത്തിൽ മെറ്റൽ ലോറി നിയന്ത്രണം വിട്ട് ഗതിമാറി ഓടി വയലിൽ മറിഞ്ഞ അപകടവും ഇക്കഴിഞ്ഞ മാസം നടന്നിരുന്നു.
പുതുനഗരം സിഗ്നൽ ജംഗ്ഷനിൽ മുന്നും നാലും മെറ്റൽ ലോറികൾ ഒരേ സമയത്ത് എത്തുന്നതിനാൽ ഗതാഗത കുരുക്കും തുടർ സംഭവങ്ങളാണ്. സ്ക്കൂൾ തുടങ്ങുന്പോഴും വിടുന്ന സമയങ്ങളിലും ഇത്തരം വാഹനങ്ങൾക്ക് പോലീസ് ഏർപ്പെടുത്തിയ നിരോധനവും പ്രഹസനമായിട്ടുണ്ട്.