പട്ടിക്കാട്: തമിഴ്നാട്ടിൽ നിന്നും തൃശൂർ ഭാഗത്തേക്ക് ചരക്കുമായി വന്നിരുന്ന ലോറി കുതിരാൻ ഇറക്കം ഇറങ്ങുന്പോൾ വഴുക്കുംപാറയിൽവച്ച് വലതുവശത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വഴക്കുംപാറ മുത്തൻതോട്ടിൽ മത്തായി, ഭാര്യ സോഫി, മകൻ, പേരക്കുട്ടി എന്നിവരാണ് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നത്. സോഫിയും ആറുവയസുള്ള പേരക്കുട്ടി ഇതളും കിടന്നിരുന്ന മുറിയുടെ ഭിത്തിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. സോഫിക്ക് കാലിൽ നിസാര പരിക്കേറ്റു.
അലമാരയിൽ ലോറി തടഞ്ഞുനിന്നതിനാൽ ഇതളിന് പരിക്കുണ്ടായില്ല.ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷണ്മുഖന്റെ കാലിന് പരിക്കുണ്ട്. ഡ്രൈവർ ഒരു മണിക്കൂറോളം ലോറിയിൽ കുടുങ്ങിക്കിടന്നു. തൃശൂരിൽ നിന്നും ഫയർഫോഴ്സെത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് ഷണ്മുഖനെ പുറത്തെടുത്തത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോഫിയേയും ഇതളിനേയും പീച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.റോഡിൽ നിന്ന് തെന്നിമാറി നൂറ്റന്പതു മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള വീട്ടിലേക്കാണ് ഉരുക്കുപാളികളുമായി വന്നിരുന്ന ലോറി പാഞ്ഞുകയറിയത്.
വൈദ്യുത കന്പികൾ തകർത്ത ശേഷമാണ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി നിന്നത്. വീടിന്റെ ചുമരുകളും ജനലുകളും തകർന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം.