പഴയന്നൂർ:പാറമണലുമായി വരികയായിരുന്ന ടോറസ് ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തശേശം വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
നാട്ടിൻചിറ കോന്നാത്ത് സുനിൽ വക്കീലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ മുൻഭാഗത്തുള്ള കാർ പോർച്ചുകൾ, രണ്ട് ബെഡ് റൂം, ബാത്ത് റൂം എന്നിവ ഇടിയുടെ അഘാതത്തിൽ തർന്നു.
വീടിന്റെ വാർക്ക മേൽക്കുര തകർന്ന് വലിയ സ്ലാബ് ലോറിയുടെ മുകളിലേക്ക് വീണ നിലയിലാണ്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ചെന്ത്രാപ്പിന്നി കുറുപ്പം വീട്ടിൽ ഹൈദ്രാലിയെ (30) രണ്ടരമണിക്കൂർ പണിപ്പെട്ടശേഷമാണ് ഫയർഫോഴ്സ് പുറത്തെടുത്തത്.
വക്കീലിന്റെ അമ്മ രാധയും പരിചാരകയും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവർ പുറകിലെ മുറിയിൽ കിടന്നിരുന്നതിനാൽ അപകടം ഒഴിവായി.
അപകട വിവരമറിഞ്ഞെത്തിയ ചേലക്കര സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഹൈദ്രാലിയെ പുറത്തെടുത്തത്.
കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇയാളെ ചേലക്കര സ്വകാര്യ ആശുപത്രിയലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആലത്തൂർ ഭാഗത്തു നിന്നും പാറമണൽ കയറിവന്ന തൃശൂർ തിരൂർ സ്വദേശിയുടെതാണ് വാഹനം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.