സ്വന്തം ലേഖകൻ
ചാവക്കാട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്ലർ ലോറിയിൽ നിന്ന് ഇരുന്പുഷീറ്റുകൾ റോഡിലേക്കു വീണ് രണ്ടുപേർ മരിച്ചു അകലാട് സ്കൂളിനു പടിഞ്ഞാറ് പുതുവീട്ടിൽ മടത്തിപ്പറന്പിൽ മുഹമ്മദാലി ഹാജി (75), അകലാട് പെട്രോൾ പന്പിനുസമീപം കിഴക്കത്തറ അബുവിന്റെ മകൻ ഷാജി (35) എന്നിവരാണ് മരിച്ചത്.
ഇന്നുരാവിലെ ആറിന് ദേശീയപാത അകലാട് സ്കൂളിനു മുന്പിലാണ് അപകടം. കെട്ടിട നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന കനംകൂടിയ ഇരുന്പ് ഷീറ്റ് കയറ്റി കോഴിക്കോട് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ലോറി.
അകലാട് പള്ളിയിൽ നിന്ന് പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് എടക്കഴിയൂരിലേക്കു പോകുവാൻ ബസ് കാത്തുനിൽക്കുകയായിരുന്നു മുഹമ്മദാലി.
എടക്കഴിയൂരിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഷാജി സ്കൂട്ടറിൽ വരികയായിരുന്നു. മുഹമ്മദാലിയെ കയറ്റാൻ സ്കൂട്ടർ നിർത്തിയ സമയത്തായിരുന്നു ഇരുന്പുഷീറ്റ് കയറ്റിയ ലോറിയുടെ ബെൽറ്റ് പൊട്ടി ഷീറ്റുകൾ റോഡിലേക്കു പതിച്ചത്.
ഇരുവരും ഇതിനടിയിൽ പെട്ടു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ചാവക്കാട് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരണം സംഭവിച്ചിരുന്നു. വടക്കേക്കാട് പോലീസെത്തി നടപടികൾ സ്വീകരിച്ചു.
മുഹമ്മദാലി ഹാജിയുടെ ഭാര്യ പരേതയായ ഐസുമ്മ. മക്കൾ സെലീന, റഹീന, ഷെമീർ, ജെസീന, സബിത, നുസൈബ, ലുക്മാൻ.
മരുമക്കൽ ലത്തീഫ്, ജലീൽ, ഷെറി, അബൂബക്കർ, ഷറഫുദീൻ, സെഫീന, ഫർസാന. ഷാജിയുടെ ഭാര്യ റാബിയ. മക്കൾ ഫെബി, ഫിദ, ഫഹീദ.