അന്പലപ്പുഴ: രാത്രിയിൽ പാർക്ക് ചെയ്യുന്ന ലോറികളിൽനിന്നും ബാറ്ററികൾ മോഷണം പോകുന്നുവെന്ന് പരാതി. കാക്കാഴം മേൽപ്പാലത്തിനു താഴെ രാത്രിയിൽ പാർക്കു ചെയ്തിരുന്ന രണ്ടു ലോറികളിൽനിന്നും, ഒരു ഇൻസുലേറ്റഡ് വാനിൽ നിന്നുമാണ് കഴിഞ്ഞദിവസം ബാറ്ററികൾ മോഷണം പോയത്. രാവിലെ വാഹനങ്ങൾ എടുക്കാനായി ചെല്ലുന്പോഴാണ് ബാറ്ററികൾ മോഷണം പോയതായി ലോറി ജീവനക്കാർ വിവരം അറിയുന്നത്.
അന്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ലോറി ഉടമകളായ മജീദ്, കുഞ്ഞുമോൻ, കണ്ണൻ എന്നിവർ പരാതി നൽകി. ബ്രദേഴ്സിന്റെ രണ്ടു ലോറികളിൽ നിന്നും, വൈഎസ്എഫിന്റെ ഇൻസുലേറ്റഡ് വാനിൽ നിന്നുമാണ് ബാറ്ററികൾ മോഷണം പോയത്. 13,400 രൂപയോളം വില വരുന്നതാണ് ഒരു ബാറ്ററി.
ഇതിനു പിന്നിൽ മദ്യ, മയക്കുമരുന്നു സംഘങ്ങളാണെന്നാണ് നാട്ടുകാരുടെ ആരോപണം. കാക്കാഴം പാലത്തിനു താഴെ സിറിഞ്ച് ഉൾപ്പടെയുള്ള മയക്കുമരുന്നിനായി ഉപയോഗിക്കുന്ന സാധനങ്ങൾ വലിച്ചെറിയുന്നതും പതിവാണ്. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി സാധനങ്ങളുടെ വ്യാപാരവും രാത്രി കാലങ്ങളിൽ ഇവിടെ നടക്കുന്നതായി വ്യാപക പരാതിയാണ് നാട്ടുകാർക്കുള്ളത്.
എക്സൈസ് ഓഫീസിലും, അന്പലപ്പുഴ പോലീസിലും നിരവധി തവണ പരാതികൾ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവങ്ങൾ വിളിച്ചറിയിക്കുന്നവരുടെ ഫോണ് നന്പർ സഹിതം ഈ സംഘങ്ങൾക്ക് എക്സൈസിലെ ചിലർ ചോർത്തി നൽകുന്നതായും ആരോപണമുണ്ട്.
ഇതിനു മുന്പും ബാറ്ററികൾ മോഷണം പോയിട്ടും ആരെയും പിടികൂടാൻ പോലീസിനായിട്ടില്ല. രാത്രി കാലങ്ങളിൽ ഈ പ്രദേശത്തു പട്രോളിംഗ് നടത്താനും പോലീസ് തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് പട്രോളിംഗ് ഇല്ലാത്തത് രാത്രികാലങ്ങളിൽ ഇവിടെ തന്പടിക്കാൻ മദ്യ-മയക്കുമരുന്നു സംഘങ്ങൾക്കു സഹായകരമാകുകയും ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.