കടുത്തുരുത്തി: അനധികൃതമായി നിർമിച്ച അധിക ഉയരമുള്ള ബോഡിയുമായി പായുന്നതിനിടെ വൈദ്യൂതി പോസ്റ്റും ലൈനും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമെല്ലാം വ്യാപകമായി നശിപ്പിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന രജിസ്ട്രേഷനിലുള്ള ലോറിയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.
നിയമാനുസൃത ബോഡിയുമായി കന്പിനി നിർമിച്ചു വിൽപന നടത്തിയ ലോറിയുടെ ബോഡി രണ്ടാമത് ഉയരം കൂട്ടി പണിതു രണ്ട് തട്ടുകളിലായി കാറുകൾ അകത്ത് കയറ്റി കൊണ്ടു പോകാവുന്ന രീതിയിലാക്കിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹരിയാനയിൽ നിന്നും വിൽപനയ്ക്കുള്ള കാറുകൾ കോട്ടയത്തെ ഷോറൂമിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
കോട്ടയത്തുനിന്നും എർണാകുളത്തേക്കു പോവൂകയായിരുന്ന ലോറി കടുത്തുരുത്തി ടൗണ്‍ വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് വ്യാപകമായി നാശം വിതച്ചത്. കാണക്കാരി, കോതനല്ലൂർ, കുറുപ്പന്തറ, മുട്ടുചിറ തുടങ്ങീ പ്രദേശങ്ങളിലെല്ലാം ലോറി നാശമുണ്ടാക്കി.
വൈദ്യൂതി പോസ്റ്റ് ഇടിച്ചു തകർത്തിട്ടും ലോറി നിർത്താതെ പായൂകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷന് സമീപത്തു വച്ചു ലോറി പോലീസ് പിടികൂടുകയായിരുന്നു. പ്രമുഖ കാർ നിർമാതക്കളുടെ പേരാണ് ലോറിയിൽ പതിച്ചിരിക്കുന്നത്. ലോറിയുടെ ഓട്ടത്തിൽ ഫൈബറുകൾ പൊട്ടിയതിനെ തുടർന്ന് കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് ഏറേ നഷ്ടമുണ്ടായി.