സ്വന്തം ലേഖകൻ
തൃശൂർ: അമിതഭാരം കയറ്റുന്ന ലോറികളിൽനിന്ന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും പോലീസും നിയമാനുസൃതമുള്ള ഫൈൻ ഈടാക്കാതെ തുക കൈപ്പറ്റി വിട്ടയയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചു.
ഓപ്പറേഷൻ ഓവർ ലോഡ് എന്ന പേരിലാണ് വിജിലൻസ് പരശോധനയ്ക്കിറങ്ങിയിരിക്കുന്നത്.ലോറികളിൽ അമിതഭാരം കയറ്റി ഓടുന്നതുമൂലം റോഡ് തകരുന്നതായും അധികൃതർ പണം കൈപ്പറ്റി ഭാരപരിശോധന നടത്താതെ വിട്ടയയ്ക്കുന്നതു സംബന്ധിച്ചും കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാതയിലടക്കം ലോറികൾ തടഞ്ഞുനിർത്തി പണം കൈപ്പറ്റുക മാത്രമാണ് പോലീസും ചെയ്യുന്നത്. ലോറികളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് അമിതഭാരത്തിന് പിഴ ഈടാക്കിയില്ലെന്നും പകരം പെറ്റി കേസുകളായ ഡിം ലൈറ്റ് കത്തിയില്ല, മിറർ ഇല്ല തുടങ്ങിയവ കാണിച്ചാണ് പിഴ ഈടാക്കിയിരുന്നതെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്തൊട്ടാകെ 84 ലോറികളിൽ പെർമിറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 23 ടണ്‍ വരെ അധികമായി തടികൾ കൊണ്ടുപോകുന്നത് പിടികൂടി. ഇവരിൽനിന്ന് പത്തുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. 38 ലോറികൾ പിടിച്ചെടുത്തു.
തൃശൂർ ജില്ലയിൽ-അഞ്ച്, കോട്ടയം-14, കൊല്ലം-11, ഇടുക്കി-10, എറണാകുളം, കോഴിക്കോട്-എട്ട്, ആലപ്പുഴ-അഞ്ച്, കണ്ണൂർ, കാസർഗോഡ്-ഏഴു വീതം, മലപ്പുറം, പത്തനംതിട്ട-മൂന്നു വീതം, വയനാട്-രണ്ട്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയാണ് ലോറികൾ പിടിച്ചെടുത്ത് പിഴയീടാക്കിയത്.
വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിന്റെ ഉത്തരവിനെ തുടർന്ന് വിജിലൻസ് ഇൻസ്പെക്ടർ ജനറൽ എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത്.