പത്തനംതിട്ട: വാടകയ്ക്കു നല്കിയ ലോറി തിരികെ നല്‍കാതെ പോലീസ് സഹായത്തോടെ സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി.
ലോറി ഉടമ തുമ്പമണ്‍ നോര്‍ത്ത് രാമന്‍ചിറ പടിഞ്ഞാറ്റിന്‍കര പി. പ്രദീഷാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്.
പ്രദീഷിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 03 എസി 1410 ാം നമ്പര്‍ ലോറി കോന്നി സ്വദേശി ജലീല്‍ പ്രതിമാസം 45000 രൂപ നിരക്കില്‍ വാടകയ്ക്കെടുത്തിരുന്നു.
പ്രതിമാസ സിസി അടച്ചതിനുശേഷമുള്ള തുക ഉടമയെ ഏല്‍പിക്കാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാര്‍ച്ചിനുശേഷം മാസവാടക ലഭിച്ചില്ല.
ഇതിനിടെ വാഹനത്തിന്റ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ജലീല്‍ സ്വന്തമാക്കി. മാസത്തവണ മുടങ്ങുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയശേഷം ജൂലൈ ഏഴിന് പ്രദീഷ് വാഹനം പിടിച്ചെടുത്തിരുന്നു.
എന്നാല്‍ തുടര്‍ന്ന് പോലീസിനെ സ്വാധീനിച്ച് ജലീല്‍ കള്ളക്കേസുണ്ടാക്കി തന്നെ ഉപദ്രവിക്കുകയാണെന്ന് പ്രദീഷ് പറഞ്ഞു.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കിയില്ല. പോലീസില്‍ നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ തന്നെയും ഭാര്യയും പോലീസ് സാന്നിധ്യത്തില്‍ ജലീലിന്റെ ആളുകള്‍ ദേഹോപദ്രവം എല്പിച്ചതായും പ്രദീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ പന്തളം സിഐയുടെ നിര്‍ദേശ പ്രകാരം പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. എന്നാല്‍ കോടതിയില്‍ ഇതു സംബന്ധമായ കേസ് വന്നപ്പോള്‍ വാഹനം എടുത്തിട്ടില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള ലോറി തട്ടിയെടുക്കാന്‍ പന്തളം സിഐ സഹായം ചെയ്തുവെന്നു കാണിച്ച് പ്രദീഷ് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്കി.