വിഴിഞ്ഞം: നിർമാണം അശാസ്ത്രീയമെന്ന് ജനം, അധികൃതർ അനങ്ങിയില്ല, പണി പൂർത്തിയാകും മുൻപ് കോവളം – കാരോട് ബൈപാസ് ആദ്യ ജീവനെടുത്തു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച ബൈപാസ് ഒരു കുടുംബത്തെ തീരാ ദുഃഖത്തിന്റെ കയത്തിലേക്ക് തള്ളിയിട്ടു. വിദേശ ശൈലിയിൽ ജനവാസ കേന്ദ്രത്തിലൂടെ നിർമാണം തുടങ്ങിയ ബൈപാസിന് തുടക്കത്തിലെ പേര് ദേഷത്തിന്റെ കൂരമ്പുകൾ ഏൽക്കേണ്ടി വന്നു.
സഞ്ചാര സ്വതന്ത്ര്യം നഷ്ടപ്പെട്ടതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ജനരോഷം തണുപ്പിക്കാൻ അധികൃതർ പല മാറ്റങ്ങളും ബൈപാ സിൽ വരുത്തി. അങ്ങനെ വരുത്തിയ അശാസ്ത്രീയ മാറ്റമാണ് ചന്ദന എന്ന എട്ട് വയസുകാരിയുടെ ജീവൻ നഷ്ടപ്പെടുന്നതിനും നിരവധി പേരെ തീരാ ദുഖഃത്തിലേക്കും തള്ളിവിടാനും കാണമായത്.
കഴക്കൂട്ടം – കാരോട് ബൈപാസിൽ നിർമാണം ഏകദേശം പൂർത്തിയായ കോവളത്തിനും തലക്കോടിനുമിടയിലുള്ള പോറോട് പാലത്തിന് സമീപമാണ് നാട്ടുകാരെ പേടിപ്പെടുത്തിയ ആദ്യ അപകടമുണ്ടായത്.
ഇതു വഴി കടന്നു പോകുന്ന കനാലിന് മുകളിൽ പാലം ഉയർത്തി നിർമിച്ച അധികൃതർ ബൈ റോഡ് ഒഴിവാക്കി.ഉണ്ടായിരുന്ന സർവീസ് റോഡുകൾ ഇല്ലാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രതിഷേധം തണുപ്പിക്കാൻ വൺവേ ആയി പോകുന്ന ബൈപാസിലേക്ക് ബൈറോഡുകളെ ബന്ധിപ്പിച്ചു.
കോവളത്തു നിന്നും വെങ്ങാനൂർ റോഡിലേക്ക് പോകേണ്ടവർക്കും മുക്കോല നിന്ന് കോവളത്തേക്ക് വരേണ്ടവർക്കുമായി ബൈറോഡുകൾ അശാസ്ത്രീയമായി തുറന്നിട്ടു. ബൈപാസ് ഉദ്ഘാടനത്തിനു മുൻപേ വാഹനങ്ങൾ ചീറിപ്പായാൻ തുടങ്ങിയ റോഡിൽ പൊതുജനത്തിന്റെ ജീവനും സുരക്ഷക്കുമായി യാതൊരു സംവിധാനവും ഒരുക്കിയില്ല.
അധികൃതർ ഒരുക്കിയ മരണക്കെണിയിലൂടെ സ്കൂട്ടറിൽ മറുവശം താണ്ടാൻ ശ്രമിച്ച നാട്ടുകാരനായ വയോധികനെയും പേരക്കുട്ടികളെയും ഇടിച്ച് തെറിപ്പിച്ച തമിഴ്നാട്ടിൽ നിന്നുള്ള മിനിലോറി മറ്റ് രണ്ട് ബൈക്കിലെ യാത്രികരെയും ദുരിതത്തിലാക്കി.
ഒറ്റവരിപ്പാതയെന്നറിയാതെ തലങ്ങും വിലങ്ങും വാഹനമേടിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ വൈകുന്നേരം പോലീസ് രംഗത്തെത്തി. അപകടക്കെണിയായി മാറാവുന്ന ബൈറോഡുകളെ അടച്ചു പൂട്ടി. ബൈപാസ് നിർമാണത്തിലെ അപാകത തുടക്കത്തിലെ നാട്ടുകാർ തുറന്നു കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയാറാകാത്തതും പ്രതിഷേധത്തിനിട വരുത്തി.