തൃശൂർ: നഗരത്തിൽ സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് വീട്ടുമതിൽ ഇടിച്ചു തകർത്ത് മറിഞ്ഞു. ഇതെത്തുടർന്ന് ലോറിക്കാർ വണ്ടി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇന്നുപുലർച്ചെ തൃശൂർ വടക്കേച്ചിറയ്ക്കും തൃശൂർ വില്ലേജ് ഓഫീസിനും ഇടയിലുള്ള കാനയിലേക്ക് സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.
ഇവിടെയുള്ള കാനയിലേക്ക് മാലിന്യം ഒഴുക്കിവിടാനെത്തിയതാണെന്ന് കരുതുന്നു. ലോറി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ മതിൽ ഇടിച്ചു തകർത്ത് വണ്ടി ചെരിയുകയായിരുന്നു. അപകടം നടക്കുന്പോൾ ആരും പ്രദേശത്തുണ്ടായിരുന്നില്ല. വണ്ടിയിലുണ്ടായിരുന്നവർ വണ്ടി മറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
തൃശൂർ നഗരത്തിലും സമീപത്തും സെപ്റ്റിക് മാലിന്യം അർധരാത്രിയിലും പുലർച്ചെയും കൊണ്ടുവന്നു തള്ളുന്ന സംഘങ്ങൾ വ്യാപകമായിരിക്കുകയാണ്. മറിഞ്ഞ വാഹനത്തിനു മുകളിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ സൂചകമായി പോസ്റ്റർ പതിച്ചു. നഗരം നരമാക്കുന്ന കക്കൂസ് മാലിന്യ മാഫിയകളെ ഉടൻ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.