തലയോലപ്പറന്പ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി വീട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ടെയ്നർ വീഴുന്ന വലിയ ശബ്ദം കേട്ടു വീടിനുള്ളിലുണ്ടായിരുന്നവർ ഓടി മാറിയതിനാലാണു ആർക്കും പരിക്കേൽക്കാതിരുന്നത്. ഇന്നു രാവിലെ 9.45നു തലയോലപ്പറന്പ് വടകര ഉദയാപറന്പത്ത് ക്ഷേത്രത്തിനു സമീപമാണു അപകടമുണ്ടായത്.
എറണാകുളത്തു നിന്നും കോട്ടയത്തിനു വരികയായിരുന്ന കണ്ടെയ്നർ ലോറി 30 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. ലോറിയിൽ സ്ഥാപിച്ചിരുന്ന കണ്ടെയ്നറാണു വീടിന്റെ മുകളിലേക്കു പതിച്ചത്. വടകര കൊല്ലാട് വേണുവിന്റെ വീടിന്റെ മുകളിലേക്കാണു കണ്ടെയ്നർ പതിച്ചത്.
വീട് ഭാഗികമായി തകർന്നു. കണ്ടെയ്നറുമായി വന്ന ലോറി കയറ്റം കയറുന്നതിനിടയിൽ ബ്രേക്കിന്റെ എയർ പൈപ്പ് പൊട്ടിപോവുകയായിരുന്നു. ഇതോടെ ഡ്രൈവർ ലോറി റോഡിന്റെ സൈഡ് ചേർത്തു നിർത്തിയശേഷം ലോറിയിൽ നിന്നും ഇറങ്ങിയിരുന്നു. ഈ സമയത്താണു ലോറി താഴ്ചയിലേക്കു മറിഞ്ഞതും കണ്ടെയ്നർ വീടിനു മുകളിലേക്കു പതിച്ചതും.
ലോറി മറിഞ്ഞ സ്ഥലങ്ങളിൽ മരങ്ങൾ ഉണ്ടായിരുന്നതിനാലാണു വൻ ദുരന്തം ഒഴിവായത്. മറിഞ്ഞ ലോറി വീടിന്റെ മുകളിലേക്കു പതിക്കാതെ മരത്തിൽ തട്ടി നില്ക്കുകയായിരുന്നു. സംഭവമറിഞ്ഞു പ്രദേശത്തേക്കു നിരവധി ആളുകൾ എത്തി.