ചേർത്തല: ലോറിമോഷണക്കേസുമായി ബന്ധപ്പെട്ട് ചേർത്തല പോലീസിന്റെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഏഴ് ലോറികൾ മോഷ്ടിച്ച കേസിൽ എറണാകുളം വടക്കൻപറവൂർ കളരിത്തറ വീട്ടിൽ ബൈജു(ടോറസ് ബൈജു44), തമിഴ്നാട് പെരുന്പള്ളൂർ കൗൾപാളയം അരിയല്ലൂർ മെയിൻ റോഡ്, 2/310 എ വീട്ടിൽ സെൽവകുമാർ (38) എന്നിവരാണ് ചേർത്തല പോലീസിന്റെ പിടിയിലായത്.
കേസിലെ മറ്റ് രണ്ട് പ്രതികൾ ആലുവ, തിരുവനന്തപുരം സ്റ്റേഷനുകളിൽ പോലീസ് കസ്റ്റഡിയിലുണ്ട്. ദേശീയപാതയിലൂടെ കാറിൽ സഞ്ചരിക്കുന്ന ബൈജു പുതിയ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ കൈവശമുള്ള വിവിധതരം താക്കോലുകൾ ഉപയോഗിച്ച് തുറക്കുവാൻ ശ്രമിക്കുകയും വിജയിച്ചാൽ ഇതുമായി തമിഴ്നാട്ടിൽ സെൽവകുമാറിന് എത്തിക്കുകയുമാണ് ചെയ്തിരുന്നത്.
ഇത്തരത്തിൽ ഒരു ലോറി കൊടുത്താൽ രണ്ട് ലക്ഷം രൂപയാണ് സെൽവകുമാർ നൽകിയിരുന്നതെന്ന് എസ്ഐ ജി.അജിത് കുമാർ പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന ലോറിയുടെ രൂപമാറ്റം വരുത്തുകയും എൻജിൻ, ചേസിസ് നന്പറുകൾ തിരുത്തി മറിച്ചു വിൽക്കുകയുമാണ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ചേർത്തല പതിനൊന്നാംമൈൽ ജംഗ്ഷനുസമീപം എ.ശാന്തകുമാറിന്റെ ലോറി മോഷണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബൈജുവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന കൂട്ടാളി ജിസ്മോനെ ആലുവയിലും മറ്റൊരു കൂട്ടുപ്രതി തമിഴ്നാട് സ്വദേശി സുരേഷിനെ തിരുവനന്തപുരത്തും പോലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾക്കായി ഇരുവരെയും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ വി.പി മോഹൻലാൽ പറഞ്ഞു.