നെയ്യാറ്റിന്‍കര : സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അമരവിളയിലെ ഗോഡൗണിനു സമീപം ഇതരസംസ്ഥാന ചരക്കുലോറികളുടെ പാര്‍ക്കിംഗ് തദ്ദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.
ഭക്ഷ്യവിഭവങ്ങളുടെ ലോഡുമായാണ് ഈ ലോറികള്‍ വരുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളാണ് ഒട്ടുമിക്കതും. ലോഡുമായി ലോറികള്‍ എത്തുക ചിലപ്പോള്‍ രാത്രികാലങ്ങളിലൊക്കെയായിരിക്കും.
സീനിയോറിറ്റി അനുസരിച്ചാണ് ലോറികളില്‍ നിന്നും ലോഡ് ഗോഡൗണിലേയ്ക്ക് മാറ്റുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ലോറികള്‍ എത്തുന്നതിന്റെയന്നോ അടുത്ത ദിവസമോ തിരികെ പോകാനാവണമെന്നില്ല.
ലോറികള്‍ ഗോഡൗണിനു പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തതിനുശേഷം ആ വാഹനങ്ങളില്‍ തന്നെയാണ് ഡ്രൈവര്‍മാരും സഹായികളും മടങ്ങുന്നതുവരെ കഴിയുക. വാഹനങ്ങള്‍ക്കരികില്‍ തന്നെയായിരിക്കും പാചകവും. മാത്രമല്ല, അവര്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും ആ പരിസരത്താണെന്നാണ് ആക്ഷേപം.
കുളിക്കാന്‍ മാത്രം തൊട്ടപ്പുറത്തെ നെയ്യാറിനെ ആശ്രയിക്കാറുണ്ട്. ഇപ്പോഴത്തെ കോവിഡ് -19 ന്റെ സാഹചര്യത്തില്‍ ഇതരസംസ്ഥാന ലോറികളുടെ പാര്‍ക്കിംഗും മറ്റും അമരവിള നിവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വിവിധ ചെക്ക്പോസ്റ്റുകളില്‍ പരിശോധനയ്ക്കു ശേഷമാണ് ഡ്രൈവര്‍മാരും സഹായികളുമൊക്കെ വരുന്നതെങ്കിലും തദ്ദേശീയരെ സംബന്ധിച്ചിടത്തോളം ആകുലത ഒഴിവാകുന്നില്ല. ഗോഡൗണ്‍ ജീവനക്കാര്‍ക്കു പുറമേ ലോഡിറക്കുന്ന ചുമട്ടുതൊഴിലാളികളുമായും ഇവര്‍ സന്പര്‍ക്കം പുലര്‍ത്താറുണ്ട്.
നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതുവരെയും ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അടിയന്തരമായി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുകയും ഈ ലോറി തൊഴിലാളികളെ ഗോഡൗണില്‍ വരുന്ന നാളില്‍ തന്നെ ആവശ്യമായ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യണമെന്ന നാട്ടുകാര്‍ പറയുന്നു.
ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പ്രാഥമിക കര്മങ്ങള്ക്കെങ്കിലും ഗോഡൗണ്‍ പരിസരത്ത് പ്രത്യേക സൗകര്യം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.