കളമശേരി: നിർത്തിയിട്ട ലോറികളിലെ മോഷണം തടയാൻ ശ്രമിച്ച ഡ്രൈവർക്ക് മോഷ്ടാവിന്റെ മർദനം. ഇന്നലെ രാത്രി ഇടപ്പള്ളി പത്തടിപ്പാലത്ത് കളമശേരി ട്രഷറിക്കു മുന്നിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫിനാണ് രണ്ടു തവണയായി ഒരേ മോഷ്ടാവിന്റെ മർദനമേറ്റത്. ഇയാൾ സ്ഥിരം കുറ്റവാളിയായ മട്ടാഞ്ചേരി സ്വദേശി നസീർ (45) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാർക്ക് ചെയ്ത സുഹൃത്തിന്റെ ലോറിയിൽ നിന്നിറങ്ങി ഹനീഫയുടെ ലോറിയിൽ കയറുന്നത് കണ്ടപ്പോഴാണ് പ്രതിയെ തടഞ്ഞത്. എന്നാൽ ഷമീറിനെ തള്ളിയിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ഉപേക്ഷിച്ചാണ് പ്രതി ഓടിയത്.
തുടർന്ന് ബൈക്ക് പരിശോധിച്ചപ്പോൾ രണ്ടു നമ്പർ പ്ലേറ്റാണ് കണ്ടത്. ഉടൻ കളമശേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
അൽപ്പ നേരം കഴിഞ്ഞ് തിരികെ വന്ന മോഷ്ടാവ് ബൈക്ക് എവിടെയെന്ന് ഡ്രൈവറോട് ചോദിച്ചു. ബൈക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ചെന്ന് പറഞ്ഞതോടെ വീണ്ടും മർദ്ദിച്ചതായാണ് പരാതി.കളമശേരി മേഖലയിൽ പാർക്ക് ചെയ്യുന്ന ചരക്ക് ലോറികളിൽനിന്ന് പണം, മൊബൈൽ ഫോണുകൾ, രേഖകൾ, ബാറ്ററി എന്നിവ മോഷണം പോകുന്നത് പതിവാണ്.
പ്രീമിയർ ജംഗ്ഷൻ, കണ്ടെയ്നർ റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ നടക്കുന്നത്. സംസ്ഥാനത്തിനും ജില്ലയ്ക്കും പുറത്തുനിന്ന് വരുന്നവർ പരാതി നൽകാൻ തയാറാകാത്തതിനാലാണ് ഇതാവർത്തിക്കുന്നത്. പോലീസ് പെട്രോളിംഗും പേരിന് മാത്രമാണ്.