തൃശൂർ: ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും വില വർധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം.
ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ജനറൽ സെക്രട്ടറി ജി. ജയപാൽ ട്രഷറർ കെ. പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ, വിവിധ സംസ്ഥാനഭാരവാഹികൾ, ജില്ലാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.