പാലക്കാട്: കോയന്പത്തൂർ സ്വദേശിയായ ലോറി ക്ലീനർ കൊല്ലപ്പെട്ട സംഭവത്തിൽ കേസിന്റെ തുടരന്വേഷണം തമിഴ്നാട് പോലീസിനു കൈമാറും. മരണത്തിനു കാരണമായ സംഭവം നടന്നത് കോയന്പത്തൂർ എട്ടിമടൈയിലാണെന്ന നിഗമനത്തെ തുടർന്നാണ് കേസ് കൈമാറുന്നത്.
കൊല്ലപ്പെട്ട വിജയ് മുരുകേശന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും ലഭിച്ചാൽ മാത്രമേ കേസന്വേഷണത്തിൽ പുരോഗതിയുണ്ടാകുയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. കല്ലിൽനിന്നും ശേഖരിച്ച വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ അന്വേഷണത്തിൽ നിർണായകമാകും. ഈ കല്ല് ആരെറിഞ്ഞു എന്നതാണ് പോലീസിന് കണ്ടെത്തേണ്ട പ്രധാന വിഷയം.
ഹൃദയവും കരളും തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നെഞ്ചിലേറ്റ പരിക്കുകളല്ലാതെ മറ്റ് പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല.
മറ്റു ചരക്കുലോറി ഡ്രൈവർമാരുടെയും ആർടിഒ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐമാരുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഇവിടത്തെ സിസിടിവിയിലെ ദൃശ്യങ്ങളും പരിശോധിച്ചു. കേരളത്തിലേക്കു പ്രവേശിക്കുന്നതിനു മുന്പുതന്നെ ലോറിയുടെ മുൻവശത്തെ ഗ്ലാസിൽ കല്ലുപതിച്ച അടയാളമുണ്ടായിരുന്നെന്നും ക്ലീനർ അവശനിലയിലായിരുന്നെന്നുമാണ് ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്.
സംഭവസമയത്ത് ലോറിഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നതെന്നും മരണകാരണമായ സംഭവം നടന്നതിനുശേഷമാണ് ഈ വിവരം അറിഞ്ഞതെന്നുമാണ് മറ്റു ഡ്രൈവർമാരുടെ മൊഴി.ചികിത്സ നിഷേധിക്കുമെന്ന ഭയത്താലാണ് സംഭവം കഞ്ചിക്കോട്ടാണെന്ന് ആദ്യം പറഞ്ഞതെന്നു ഡ്രൈവർ അന്വേഷണ സംഘത്തോടു പറഞ്ഞെങ്കിലും ഇയാളുടെ ആദ്യമൊഴിയിലുണ്ടായിരുന്ന വൈരുധ്യം സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം കസ്റ്റഡിയിലുള്ള ഡ്രൈവർ നല്കിയ മൊഴിപ്രകാരം ഇത്തരത്തിലൊരു ആക്രമണം കോയന്പത്തൂർ എട്ടിമടൈയിൽ നടന്നെന്ന് ഉറപ്പിക്കാൻ ഇനിയും സാധ്യമായിട്ടില്ല. ഇവിടെയുള്ള സിസിടിവിയിലും സ്ഥലത്തും പരിശോധന നടത്തിയെങ്കിലും ഡ്രൈവറുടെ മൊഴി സാക്ഷ്യപ്പെടുത്തുന്ന യാതൊന്നും കണ്ടെത്താനായില്ല. തമിഴ്നാട് പോലീസാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്.